കൊല്ലം: കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനിയെയും മകളെയും ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷം നടത്തണമെന്ന് അമ്മ ഷൈലജ. യുഎഇയിലെ ഇന്ത്യന്‍ കോണ്‍സലേറ്റ്, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്, മുഖ്യമന്ത്രി, പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് ഷൈലജ ഇതുസംബന്ധിച്ച് അപേക്ഷ നല്കി.
മകളെ കൊടിയ പീഡനത്തിനിരയാക്കി മരണത്തിലേക്ക് തള്ളിവിട്ട മകളുടെ ഭര്‍ത്താവിനെയും സഹോദരിയെയും ഭര്‍ത്തൃപിതാവിനെയും നാട്ടിലെത്തിച്ച് ശിക്ഷിക്കണമെന്ന് മരിച്ച വിപഞ്ചികയുടെ അമ്മ ഷൈലജ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയോടെ കോട്ടയം പനച്ചിക്കാട് പൂവന്തുരുത്ത് വലിയവീട്ടില്‍ നിധീഷിന്റെ ഭാര്യ വിപഞ്ചികയെയും മകള്‍ വൈഭവിയെയുമാണ് ഇവര്‍ താമസിച്ചിരുന്ന ഷാര്‍ജ അല്‍നഹ്ദയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
തന്റെയും മകളുടെയും മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവണം എന്ന് വ്യക്തമാക്കിയിട്ടുള്ള വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
താൻ ഇത്രയും ദുഃഖമനുഭവിച്ചിട്ടും അമ്മയെയോ ബന്ധുക്കളെയോ വിപഞ്ചിക വിഷമം അറിയിച്ചിരുന്നില്ല. തന്റെ ഭർത്താവിനോട് വിപഞ്ചികയ്ക്ക് വലിയ സ്നേഹമായിരുന്നു. നിധീഷ് തെറ്റ് മനസ്സിലാക്കി തിരിച്ചെത്തുമെന്ന പ്രതീക്ഷയായിരുന്നു.തന്റെ മകള്‍ക്ക് അച്ഛനും അമ്മയും വേണമെന്ന് ബന്ധുക്കളോട് പറയുമായിരുന്നു.
എന്നാൽ വിവാഹമോചനത്തിന് നോട്ടീസ് ലഭിച്ചതോടെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചതാണ് കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ഷൈലജ പറഞ്ഞു.
.’ഇത്രയും പീഡനം മോള് അനുഭവിച്ചെന്നറിഞ്ഞിരുന്നില്ല. ഞാന്‍ വേദനിക്കുമെന്ന് കരുതിയിട്ടാകും അവള് ഒന്നും പറയാതിരുന്നത്. ഞാനൊറ്റയ്ക്കാണ് അവളെ വളര്‍ത്തിയത്. ആ അവസ്ഥ തന്റെ കുഞ്ഞിന് വരരുതെന്ന് വിപഞ്ചിക ആഗ്രഹിച്ചിരുന്നു. അവള് നാട്ടില്‍ വന്നാല്‍ എല്ലാ പ്രശ്നങ്ങളും ഞങ്ങള്‍ അറിയുമെന്ന് അവന് ഭയന്നിട്ടുണ്ടാകും. അതുകൊണ്ട് എന്റെ മക്കളെ ഇല്ലാതാക്കിയതാണ്’- വിപഞ്ചികയുടെ അമ്മ ഷൈലജ പറഞ്ഞു.
അതേസമയം നിധീഷിനു കുഞ്ഞിനോടും കടുത്ത അവഗണനയായിരുന്നു. കുഞ്ഞിന്റെ ചോറൂണിന് നാട്ടിലെത്തിയപ്പോഴും ഒപ്പമുണ്ടായില്ല. നിധീഷ് സഹോദരിയുടെ കുഞ്ഞിനെ ലാളിക്കുമ്പോള് തന്റെ കുഞ്ഞിനെ ഒന്ന് നോക്കിയിട്ടുപോലുമില്ല. വിവാഹം കഴിച്ചത് പണം മോഹിച്ചായിരുന്നെന്ന് വിപഞ്ചിക എപ്പോഴും പറയുമായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു.
കുടുംബം നേരത്തെ കേരള പോലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണം രാജ്യാന്തര തലത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ ബുദ്ധിമുട്ടുകള്‍ വരാനുള്ള സാധ്യതയുണ്ട്. ഈ സ്ഥിതി കണക്കിലെടുത്താണ് കുടുംബം അന്വേഷണം കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറണം എന്ന ആവശ്യം മുന്നോട്ടുവെച്ചിട്ടുള്ളത്.

