Spread the love

സി.സദാനന്ദനെ രാജ്യസഭയിലേക്ക് നോമിനറ്റ് ചെയ്തതില്‍ വിമര്‍ശനവുമായി എഐസിസി പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല . എന്ത് പ്രാവീണ്യമാണ് സദാനന്ദനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. ‘ഏതെങ്കിലും മേഖലയില്‍ പ്രാവീണ്യമുള്ളയാളെയാണ് സാധാരണ നോമിനേറ്റ് ചെയ്യാറുള്ളത്. അതായിരുന്നു ഇതുവരെയുണ്ടായിരുന്ന കീഴ് വഴക്കം.സുരേഷ് ഗോപി സിനിമാ നടനാണെന്ന് വെക്കാം. ഒന്നുമല്ലാത്ത ബിജെപി പ്രവര്‍ത്തകനെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടി അധാര്‍മികമാണ്’. രാഷ്ട്രതി ഇങ്ങനെ ചെയ്ത കീഴ്വഴക്കമില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേ സമയം കെ. കരുണാകരന്റെ മുന്‍ വത്സല്യശിഷ്യനായ രമേശ് ചെന്നിത്തലയ്ക്ക് ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്താന്‍ എതു യോഗ്യതയാണെന്ന് ബിജെപി നേതാവ് എന്‍, ഹരി പ്രസ്താവനയില്‍ ചോദിച്ചു. പ്രസ്താവനയുടെ പൂര്‍ണരൂപം

സി സദാനന്ദന്‍ മാസ്റ്ററെരാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത രാഷ്ട്രപതിയുടെ തീരുമാനത്തെ കുറ്റപ്പെടുത്താന്‍രമേശ് ചെന്നിത്തലയ്ക്ക് എന്ത് അവകാശവും യോഗ്യതയും ആണുള്ളത്.കണ്ണൂരിലെ സിപിഎം അക്രമരാഷ്ട്രീയത്തിന് കുടപിടിച്ച കെ കരുണാകരന്റെ മുന്‍ വത്സല ശിഷ്യന് ഇപ്പോഴും കുറ്റബോധം ഇല്ലേ എന്ന് ഹരി ചോദിച്ചു. ബിജെപിയുടെ ആഭ്യന്തര കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രമേശിന്റെ പിന്തുണ വേണ്ട.

ബിജെപി എന്ന പ്രസ്ഥാനത്തെ വാളുകൊണ്ടും വാക്കുകൊണ്ടും വേട്ടയാടിയ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡി സഖ്യത്തിലെ ഘടകകക്ഷിയായ സിപിഎമ്മിന്റെ വക്കാലത്ത് ഏറ്റെടുത്തിരിക്കുകയാണ് രമേശ്.കണ്ണൂരിലെ സിപിഎം അക്രമ രാഷ്ട്രീയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് സദാനന്ദന്‍ മാസ്റ്റര്‍. അദ്ദേഹത്തെ സിപിഎമ്മിന്റെ കൊലയാളി പട ആക്രമിച്ച് ജീവച്ഛവമാക്കിയപ്പോള്‍ ക്ലിഫ് ഹൗസിന്റെ നക്ഷത്ര സൗകര്യത്തില്‍ കഴിയുകയായിരുന്നു രമേശ് ചെന്നിത്തല.കെ കരുണാകരന്റെ വത്സല ശിഷ്യനായിരുന്ന രമേശ് ആ ഭരണകാലത്ത് സഖാക്കളുടെ ഒത്താശയോടെ നടത്തിയ ആര്‍എസ്എസ് ബിജെപി വേട്ടയാടല്‍ മറന്നുപോകരുത്.ആ നരാധമ പ്രവര്‍ത്തിക്ക് കൂട്ടു നിന്നതിന് ക്ഷമ ചോദിക്കാനുള്ള അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

രാജ്യസഭയിലേക്ക് കേരളത്തിലെ ഇരുമുന്നണികളും അയച്ചിട്ടുള്ള നേതാക്കളുടെ പട്ടിക പരിശോധിച്ചാല്‍ മാനദണ്ഡം കൃത്യമായി മനസ്സിലാവും. ഒരു പ്രത്യേക മത വിഭാഗത്തിന് മാത്രം പ്രാധാന്യം നല്‍കുന്നതാണ് സമീപകാല രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം എന്ന വിമര്‍ശനം അന്തരീക്ഷത്തില്‍ ഉണ്ട്. യുഡിഎഫിന് ലഭിച്ച രണ്ടു രാജ്യസഭാ സീറ്റുകളും സംവരണം ചെയ്യപ്പെടുകയായിരുന്നുവോ.
ഇതില്‍ ഒരു എംപി വിദേശകാര്യ ചട്ടം പോലും ലംഘിച്ച് ഒരു വിദേശ എംബസിയില്‍ സന്ദര്‍ശനം നടത്തിയത് വിവാദമായിരുന്നു.പാര്‍ട്ടിക്കുവേണ്ടി അടിസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കുന്നവരെ വിറക് വെട്ടാനും വെള്ളം കോരാനും മാത്രം ഉപയോഗിക്കുന്ന ഫ്യൂഡല്‍ മനോഭാവമാണ് രമേശിനും സിപിഎം നേതാക്കള്‍ക്കും ഉള്ളത്. ഇരുവരുടെയും രാജ്യസഭാ എംപിമാരെ നിശ്ചയിച്ച മാനദണ്ഡം നോക്കിയാല്‍ ഇത് വ്യക്തമാണ്.

സദാനന്ദന്‍ മാസ്റ്റര്‍ മികച്ച അധ്യാപകനും, ദേശീയതലത്തിലുള്ള അധ്യാപക സംഘടനയുടെ പ്രസിദ്ധീകരണ വിഭാഗം ചുമതലയുള്ള ആളുമാണ്. ബിജെപിയുടെ എം പി നോമിനേഷിനെക്കുറിച്ച് ആരോപണമുന്നയിക്കുന്നതിന് മുമ്പ് സ്വന്തം പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ വിലയിരുത്തുന്നത് നന്നായിരിക്കും.