ഉത്തർപ്രദേശിലെ അലിഗഡിലെ ക്വാർസിയിൽ ഭാര്യയുടെ സോപ്പ് ഉപയോഗിച്ച് കുളിച്ചതിനെ ചോലിയുള്ള ചെറിയ വഴക്ക് നയിച്ചത് അറസ്റ്റിലേക്കും ഗാർഹിക പീഡന ആരോപണങ്ങളിലേക്കും.
39 വയസുള്ള പ്രവീൺ കുമാർ ആണ് ഭാര്യയുടെ പരാതിയിൽ ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായത്. തന്‍റെ സോപ്പ് എന്തിനാണ് ഉപയോഗിച്ചതെന്ന് ചോദിച്ച് ഭാര്യ പ്രവീണിനെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് നിസാരമായ വഴക്ക് കൂടുതൽ വഷളായി കയ്യാങ്കളിയിലേക്കെത്തുകയും ഒടുവിൽ ഭാര്യ ഭർത്താവിനെതിരേ പരാതി നൽകുകയായിരുന്നു.
പ്രവീണും ഭാര്യയും വിവാഹിതരായത് 13 വർഷം മുൻപായിരുന്നു. ഇവർക്ക് രണ്ട് കുട്ടികളുണ്ട്. രണ്ട് ദിവസം മുമ്പ് പ്രവീൺ കുളിക്കുന്നതിനിടെ ഭാര്യയുടെ സോപ്പ് ഉപയോഗിച്ചിരുന്നു. ഇതറിഞ്ഞ ഭാര്യ ചോദ്യം ചെയ്തു. എന്നാൽ തന്റെയും സാധനങ്ങൾ പലപ്പോഴും നീ ഉപയോഗിക്കുന്നുണ്ടല്ലോ എന്നും അപ്പോഴൊന്നും താൻ പരാതി പറഞ്ഞില്ലല്ലോ എന്നും പ്രവീൺ തിരിച്ച് ചോദിച്ചു.
ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. നിസാര കാര്യത്തിന് തുടങ്ങിയ വഴക്ക് പിന്നീട് ചെന്നെത്തിയത് കയ്യാങ്കളിയിലേക്കാണ്. ഇതോടെ ഭാര്യ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. യുവതി ഫോൺ വിളിച്ച് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ക്വാർസി പൊലീസ് പ്രവീൺ കുമാറിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
അതേസമയം പ്രവീൺ കുമാർ ഭാര്യയെ ആക്രമിച്ചതായി വിവരം ലഭിച്ചതിനാലാണ് കസ്റ്റഡിയിലെടുത്തതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു . എന്നാൽ ഒരു ചെറിയ തർക്കത്തിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്ത തന്നെ പോലീസ് മർദ്ദിച്ചുവെന്ന് കുമാർ വ്യക്തമാക്കി.

