Spread the love

ശബരിമലസ്വര്‍ണക്കൊള്ള, രാഹുല്‍മാങ്കൂട്ടം വിവാദം തെരഞ്ഞെടുപ്പ്്ഗോദയില്‍ സജീവചര്‍ച്ചയാകുന്നതിനിടെ കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇഡി നോട്ടീസ്. അന്വേഷണത്തില്‍ ഫെമ ചട്ടലംഘനം നടന്നതായി കണ്ടെത്തിയതോടെയാണ് മുഖ്യമന്ത്രിക്കടക്കം ഇഡി നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ? മുന്‍ ധനമന്ത്രി ടി എം തോമസ് ഐസക്, കിഫ്ബി സിഇഒ കെ എം എബ്രഹാം എന്നിവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിക്ക് മുന്നില്‍ ഇഡി ഇതുസംബന്ധിച്ച് പരാതി സമര്‍പ്പിച്ചത്.

മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ വികസനത്തിന് വിനിയോഗിച്ചത് ഫെമ ചട്ടലംഘനം ആണെന്നാണ് ഇഡി കണ്ടെത്തിയത്. 2019ല്‍ ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ 9.72 ശതമാനം പലിശയില്‍ മസാല ബോണ്ടിറക്കി 2150 കോടി രൂപയാണ് സര്‍ക്കാര്‍ സമാഹരിച്ചത്. 2019 ജനുവരിയില്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിലെ യോഗത്തില്‍ ആണ് മസാല ബോണ്ട് ഇറക്കാന്‍ തീരുമാനമായത്. വിദേശ വാണിജ്യ വായ്പ സര്‍ക്കാര്‍ ദുരുപയോഗം ചെയ്‌തെന്നാണ് ഇഡി കണ്ടെത്തല്‍.

നോട്ടീസിന് നേരിട്ടോ പ്രതിനിധി, അഭിഭാഷകന്‍ എന്നിവര്‍ മുഖേനയോ മറുപടി നല്‍കാമെന്നാണ് വിവരം. ഇരുപക്ഷവും കേട്ടശേഷം അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി വേണ്ട തീരുമാനമെടുക്കും