Spread the love

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാര്‍ത്താ ഇടങ്ങളിലെ മോശപ്പെട്ടതും അശ്ലീലകരവുമായ ഉള്ളടക്കം നിയന്ത്രിക്കാന്‍ സംവിധാനം വേണമെന്ന് സുപ്രിംകോടതി തന്നെ നിര്‍ദേശിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ ചട്ടത്തിന് രൂപം നല്‍കാനുളള നടപടികള്‍ക്ക് വേഗമായി. പുതിയ ഓണ്‍ലൈന്‍ മാധ്യമ ചട്ടത്തിനായി കേന്ദ്രം ശ്രമിച്ചുവരുമ്പോഴാണ് സുപ്രിംകോടതി തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ടത്. ഇത് കേന്ദ്രസര്‍ക്കാരിന് ആത്മവിശ്വാസമേകും. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളായും കമന്റുകളായും തരം താണ ഭാഷയും അശ്ലീലവും ഉപയോഗിക്കുന്നത് വ്യാപകമാണ്. ഇതു കൂടാതെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന ഓണ്‍ലൈനുകളും അനവധിയാണ്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ അശ്ലീല സ്വഭാവമുള്ള ഉള്ളടക്കം കാണുന്നവരുടെ പ്രായം പരിശോധിക്കാന്‍ ആധാര്‍ ഉപയോഗപ്പെടുത്തണമെന്നുംഅശ്ലീല, നിയമവിരുദ്ധ ഉള്ളടക്കം നിയന്ത്രിക്കാന്‍ സ്വതന്ത്ര സ്വയംഭരണാധികാര സംവിധാനം വേണമെന്നാണ് സുപ്രിംകോടതി ചീഫ് ജസ്റ്റീസ് തന്നെ ചോദിച്ചത് നിലവിലെ സ്വയം നിയന്ത്രണ രീതിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ‘ഇന്ത്യ ഗോട്ട് ലേറ്റന്റ്’ ഷോയില്‍ യുട്യൂബര്‍ രണ്‍വീര്‍ അലാബാദി നടത്തിയ അശ്ലീല പരാമര്‍ശവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണിത്. നിയന്ത്രണവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശത്തിന്റെ കരടു പ്രസിദ്ധീകരിക്കാനും വിഷയം പഠിക്കാന്‍ വിദഗ്ധരുടെ സമിതി രൂപീകരിക്കാനും ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി നാലാഴ്ചയ്ക്കു ശേഷം പരിഗണിക്കാനായി മാറ്റി.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചില മാര്‍ഗരേഖകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. അശ്ലീലത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും യുട്യൂബ് ചാനലുകളിലെ തോന്ന്യാസത്തിന്റെ പ്രശ്‌നവും ഇതിലുണ്ടെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാല്‍ മാര്‍ഗരേഖ അന്തിമമാക്കും മുന്‍പ് വിവിധ കക്ഷികളില്‍ നിന്ന് അഭിപ്രായം തേടണമെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യം ബഹുമാനിക്കപ്പെടേണ്ടതാണെന്നും മുതിര്‍ന്നവര്‍ക്കു മാത്രമുള്ള ഉള്ളടക്കമുണ്ടെങ്കില്‍ അക്കാര്യം മുന്നറിയിപ്പായി നല്‍കാന്‍ ശ്രദ്ധിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഭി്ന്നശേഷിക്കാര്‍ക്കായുളള ഫണ്ട് സ്വരൂപീക്കുന്നതിനെ പിന്തുണയ്ക്കുന്ന പരിപാടികള്‍ നടത്താന്‍ ഭിന്നശേഷിക്കാരായവരെ പരിഹസിച്ച ഇന്‍ഫ്‌ലുന്‍സര്‍മാരോടും കൊമേഡിയന്മാരോടും സുപ്രീം കോടതി നിര്‍ദേശിച്ചു. ഇത്തരത്തില്‍ പരിപാടികള്‍ നടത്തുന്നതിലെ പ്രായോഗിക തടസ്സം പറഞ്ഞ് ഒഴിവാകാന്‍ അവരുടെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും കോടതി വിസമ്മതിച്ചു.