Spread the love

കാലിഫോര്‍ണിയ: ഇനി കാര്‍ സ്വയം ഡ്രൈവ് ചെയ്ത് പുതിയ ഉടമയുടെ അടുത്തേക്ക് എത്തും!.ലോകത്തിലെ ആദ്യത്തെ കാര്‍ സ്വയം ഡ്രൈവ് ചെയ്തുള്ള ഡെലിവറിയിലൂടെ ടെസ്ല മോട്ടാര്‍ വാഹന ചരിത്രത്തില്‍ ഇടം പിടിച്ചു. സെല്‍ഫ് ഡ്രൈവിങ് ടെസ്ല മോഡല്‍ വൈ കമ്പനിയുടെ, ടെക്സാസ് ഓസ്റ്റിനിലെ ഗിഗാ ഫാക്ടറിയില്‍ നിന്ന് കാറുടമയുടെ വീട്ടിലേക്ക് തനിയെ പുറപ്പെട്ടു. 30 മിനിറ്റ് ദൂരം. ഹൈവേകളും ഇന്റര്‍സെക്ഷനുകളും ട്രാഫിക് സിഗ്‌നലുകളും തെരുവുകളും എല്ലാം സ്വന്തമായി നാവിഗേറ്റ് ചെയ്ത് കൃത്യമായി ഉടമയുടെ വീട്ടിലെത്തി ചരിത്രം സൃഷ്ടിച്ചു. കേരളത്തില്‍ വിദേശ കാര്‍ ചുമട്ടുതൊഴിലാളി ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട്് ആള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഈ നേട്ടത്തിന് തിളക്കേറുന്നു.

ടെസ്ലയുടെ ചരിത്രത്തിലെ നാഴികക്കല്ലായ സംഭവം ആദ്യം മൂന്നുമിനിറ്റ് ടീസറായും പിന്നീട് 30 മിനിറ്റ് മുഴുവീഡിയോ ആയും ഇറക്കി. വീഡിയോ വന്‍ ഹിറ്റ്.മോഡല്‍ വൈ കാര്‍ ഗിഗാ ഫാക്ടറിയില്‍ നിന്ന് ഡ്രൈവര്‍ സീറ്റില്‍ ആളില്ലാതെ സ്വയം ഡ്രൈവ് ചെയ്ത് പുറപ്പെടുന്നതാണ് തുടക്കം.ഡ്രൈവറില്ലാതെ സവാരി നടത്തുന്ന റോബോ ടാക്‌സി ജൂണ്‍ 22 ന് ടെസ്ല പുറത്തിറക്കിയിരുന്നു.

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനുശേഷമാണ് ഞായറാഴ്ച യുഎസിലെ ഓസ്റ്റിനില്‍ ഡ്രൈവറില്ലാ ടാക്‌സി സര്‍വീസിന് ടെസ്ല തുടക്കം കുറിച്ചത്. മുന്‍കൂറായി ക്ഷണിച്ച അതിഥികള്‍ക്കായിരുന്നു ആദ്യ ദിനത്തില്‍ റോബോ ടാക്‌സിയില്‍ സഞ്ചരിക്കാന്‍ അവസരം ലഭിച്ചത്. ഡ്രൈവര്‍ സീറ്റില്‍ ആരുമില്ലാതെ നീങ്ങുന്ന റോബോ ടാക്‌സിയുടെ ദൃശ്യങ്ങള്‍ ആദ്യയാത്ര നടത്തിയവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

115 കിലേമീറ്റര്‍ വേഗത്തില്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് പുതിയ ഉടമയുടെ വീട്ടിലേക്ക് ഓടിയെത്തി ടെസ്ലയുടെ മോഡല്‍ വൈ കാര്‍!. ലോകത്തിലെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിങ് വാഹന ഡെലിവറിയിലൂടെ ചരിത്രം കുറിച്ച് ടെസ്ലയും മസ്‌കും