Spread the love

കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ പൂഞ്ഞാര്‍ സീറ്റ് ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസിനുള്ള ആലോചന നടക്കുന്നതായി സൂചന. കേരള കോണ്‍ഗ്രസുകളുടെ ശക്തി കേന്ദ്രമായി അറിയപ്പെടുന്ന മണ്ഡലമാണ് പൂഞ്ഞാര്‍.

വര്‍ഷങ്ങളോളം പൂഞ്ഞാര്‍ മണ്ഡലം അടക്കിവാണിരുന്ന പി.സി ജോര്‍ജിനെ തറപറ്റിച്ചാണ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിലെ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എല്‍ഡിഎഫില്‍ ടിക്കറ്റില്‍ ഇവിടെ നിന്ന് മിന്നും വിജയം നേടിയത്. പി.സി ജോര്‍ജിന്റെ രാഷ്ട്രീയ ഭാവിക്ക് അവസാനം കുറിക്കുന്ന ഒരു തെരഞ്ഞെടുപ്പു കൂടിയായിരുന്നു 2021ലേത്. സെബാസ്റ്റ്യന്‍ കുളത്തുങ്കലിനെതിരേ രണ്ടാം സ്ഥാനത്ത് വരാനായത് പി.സി ജോര്‍ജിന് ആണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ടോമി കല്ലാനി കൈപ്പത്തി ചിഹ്നത്തില്‍ മൂന്നാം സ്ഥാനത്തേക്കാണ് ഇവിടെ തള്ളപ്പെട്ടത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മറ്റൊരു മണ്ഡലവും കോട്ടയം ജില്ലയില്‍ ഇല്ല. 2026ലും സമാനസ്ഥിതി ഉണ്ടാകാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ ഘടകക്ഷികള്‍ക്ക് സീറ്റ് കോണ്‍ഗ്രസ് വിട്ടുനല്‍കിയേക്കുമെന്നാണ് സൂചനകള്‍ വരുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സീറ്റില്‍ അവകാശവാദം ഉന്നയിച്ചാല്‍ അവര്‍ക്ക് നല്‍കാനാണ് സാദ്ധ്യതയേറെ. ഇതോടൊപ്പം മുസ്ലിം ലീഗും സീറ്റില്‍ നോട്ടമിട്ടുണ്ടെന്നാണ് പിന്നാമ്പുറ സംസാരം.

അതേസമയം, എല്‍ഡിഎഫിനു വേണ്ടി കേരള കോണ്‍ഗ്രസ് എമ്മിലെ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ തന്നെ വീണ്ടും മത്സരരംഗത്തുവരുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. മണ്ഡലത്തിലെ എല്‍ഡിഎഫ് മേല്‍ക്കോയ്മയും കേരള കോണ്‍ഗ്രസ് ശക്തി മേഖലയെന്നതും മണ്ഡലത്തിലെ സ്വീകാര്യന്‍ ആയി മാറിയതും സെബാസ്റ്റിയന്‍ കുളത്തുങ്കലിന്റെ വിജയം അനായാസമാക്കിയേക്കും.