Spread the love

വിഡിഎസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത് സാക്ഷ്യം വഹിക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും

തിരുവനനന്തപുരം: വിഡി സതീശന്‍ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ദക്ഷിണേന്ത്യയിലെ കോണ്‍ഗ്രസ് നേതൃത്വത്തിലുളള ഇന്‍ഡ്യ സഖ്യത്തിന്റെ കരുത്തറയിക്കാനുളള വേദിയാക്കുന്നു. കോണ്‍ഗ്രസും അനുകൂല സഖ്യവും ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എല്ലാവരും തന്നെ സത്യപ്രതിജ്ഞയ്ക്ക് എത്തും. തിങ്കളാഴ്ച്ച രാവിലെ പത്തിനാണ് സത്യപ്രതിജ്ഞ. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, കൂടാതെ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിങ് എന്നിവര്‍ ചടങ്ങിനെത്തും.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.സെക്രട്ടേറിയറ്റിനു സമീപത്തെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നാളെ രാവിലെ 10ന് ആണ് വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭ അധികാരമേല്‍ക്കുക. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 12,000 പേര്‍ക്ക് ഇരിക്കാവുന്ന കൂറ്റന്‍ പന്തലാണ് ഒരുക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം കാണാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിഗ് സ്‌ക്രീനുകളും സ്ഥാപിക്കുന്നുണ്ട്. നാളെ രാവിലെ 8 മുതല്‍ വേദിയിലേക്ക് ആളുകള്‍ക്കു പ്രവേശനം അനുവദിക്കും. ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ബിജെപിയുടെ മുന്ന് എംഎല്‍എമാരും ചടങ്ങിനെത്തും.