ഇടുക്കി: നാരകകാനത്ത് ജീപ്പ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കൽ സാറാമ്മ (65) ചെമ്മഞ്ചിയിൽ നിക്കു (6 മാസം) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇവരുടെ നില അതീവ ഗുരുതരമാണ്. ഇന്നലെ വൈകിട്ട് വൈകുന്നേരം ആറരയോടെയാണ് അപകടം.
നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം ഇവർ സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴായിരുന്നു അപകടം. 200 അടിയോളം താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞു. 12 പേരോളമാണ് ജീപ്പിൽ ഉണ്ടായിരുന്നത്.
പ്രദേശവാസികളുടെ നേതൃത്വത്തിൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പരിക്കേറ്റവരെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഡബിൾ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവറുടെ പരിചയ കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

