ഏറ്റുമാനൂരിൽ ഔഷധ സസൃങ്ങളും അലങ്കാരചെടികളും വെട്ടി നശിപ്പിച്ചു; നഗരസഭാ കൗൺസിലർക്കെതിരെ പരാതി
ഏറ്റുമാനൂർ: നാട്ടുകാർ നിരത്തുവക്കിൽ നട്ടുപിടിപ്പിച്ച അലങ്കാര ചെടികളും ഔഷധസസ്യങ്ങളും വൈരാഗ്യബുദ്ധ്യാ വെട്ടിനശിപ്പിച്ച് നഗരസഭാ കൗൺസിലർ. ഏറ്റുമാനൂർ നഗരസഭ 35 -ാം വാർഡിലെ ശക്തിലെയ്നിലാണ് മഴക്കാലപൂർവ ശുചീകരണത്തിന്റെ മറവിൽ തൊഴിലുറപ്പ് തൊഴിലാളികളെയും കൂട്ടിവന്ന് കൗൺസിലർ ഉഷാ സുരേഷ് ചെടികൾ വെട്ടിനശിപ്പിച്ചത്. കൗൺസിലറുടെ നടപടിക്കെതിരെ പ്രദേശവാസിയായ വട്ടമലയിൽ വി.എൻ. രാജപ്പൻ നഗരസഭാ അധികൃതർക്ക് പരാതി നൽകി.
വില്ലേജ് രേഖകളിൽ ഇപ്പോഴും പുരയിടമായി കിടക്കുന്ന ശക്തിലെയ്ൻ റോഡ് മുൻസ്ഥലമുടമകൾ നൽകിയ അവകാശത്തെ തുടർന്ന് പ്രദേശവാസികൾ സ്വകാര്യവഴിയായി ഉപയോഗിച്ചുവരികയായിരുന്നു. നഗരസഭാ ആസ്തിരജിസ്റ്ററിൽ ചേർക്കാതെ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ റോഡ് ടാർ ചെയ്തതും പിന്നീട് പ്രദേശവാസികൾ കുടിവെള്ളവിതരണത്തിന് പൈപ്പിട്ടത് ഇവർ തടഞ്ഞതും ഏറെ വിവാദമായിരുന്നു. ഇതിനുശേഷം സ്ഥലമുടമകളുടെ അനുവാദമില്ലാതെ വ്യാജരേഖകൾ സൃഷ്ടിച്ച് റോഡ് ആസ്തി രജിസ്റ്ററിൽ എഴുതി ചേർത്തു. തങ്ങളുടെ അവകാശം രേഖാമൂലം വിട്ടൊഴിഞ്ഞു കൊടുക്കാത്തിടത്തോളം കാലം റോഡിൽ തങ്ങൾക്കുള്ള സ്വാതന്ത്ര്യത്തിൽ കൈകടത്താൻ കൗൺസിലർക്കോ നഗരസഭയ്ക്കോ അധികാരമില്ലെന്നാണ് നാട്ടുകാരുടെ പക്ഷം.
നിരത്തുവക്കുകൾ മോടിപിടിപ്പിക്കുന്നതും പ്രകൃതി സംരക്ഷണത്തിനുമായി സർക്കാർ തന്നെ മുൻകൈ എടുത്ത് പദ്ധതികൾ പ്രാവർത്തികമാക്കി വരുന്നതിനിടെ കൗൺസിലറുടെ ഈ നടപടി രാഷ്ട്രീയ – വ്യക്തിവിരോധം തീർക്കുന്നതിന്റെ ഭാഗമാണെന്ന് പരാതിക്കാരൻ പറയുന്നു. നഗരസഭാ കൌണ്‍സിലിന്റെ തീരുമാനം ഇല്ലാതെയും തങ്ങള്‍ക്ക് നോട്ടീസ് നല്‍കാതെയും വീട്ടില്‍ ആളില്ലാത്ത നേരത്തായിരുന്നു കൌണ്‍സിലര്‍ ചെടികള്‍ വെട്ടിനശിപ്പിച്ചതെന്ന് പരാതിക്കാരന് പറയുന്നു. ഈ റോഡിലല്ലാതെ വാർഡിൽ മറ്റൊരിടത്തും ഇത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ ചൂണ്ടികാണിക്കുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ ചെയർമാൻ ടോമി കുരുവിള പുളിമാൻതുണ്ടം സ്ഥലം സന്ദർശിച്ചു. ഏകപക്ഷീയമായ രീതിയിലുള്ള കൗൺസിലറുടെ ഈ നടപടി തെറ്റായിപോയെന്നും വിഷയം നഗരസഭാ കൗൺസിലിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

