തിരുവനനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഔദ്യോഗികമായി കാലാവർഷം രാജ്യത്തിൽ നിന്ന് പൂർണമായും പിൻവാങ്ങി തുലാവർഷം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിൽ ലക്ഷദ്വീപിന് സമീപം ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇത് ഞായറാഴ്ചയോടെ കേരള കർണാടക തീരത്തിനു സമീപം ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.
അതേസമയം ഇനിയുള്ള ദിവസങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴ തുടരുമെന്നാണ് പ്രവചനം. സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. ഇന്നും നാളെയും മധ്യ-തെക്കൻ ജില്ലകളിൽ പരക്കെ മഴ സാധ്യതയുണ്ട്.
നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ടും, ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേർട്ട്. 17ന് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

