കാലിഫോർണിയ കേസിൽ അതിനിർണായകമായ പുതിയ വിവരങ്ങൾ പുറത്ത്. തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. മനഃപൂർവമായ നരഹത്യയാണ് പൊലീസ് ചാർജ് ചെയ്തിരിക്കുന്നത്.കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സസ്വദേശിയാണ് അനില. തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) കൊല്ലപ്പെട്ട കേസിലും അനിലയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്.
അതിനിടെ രണ്ടുപേരെയും വകവരുത്താൻ പ്രതി മുൻകൂട്ടി തയ്യാറാക്കിയ രണ്ട് പ്രത്യേക കത്തികളെക്കുറിച്ചും, പിടിവലിക്കിടെ പ്രതിയുടെ മുഖത്തുണ്ടായ പരിക്കുകളെക്കുറിച്ചുമുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
അനില ബേബിയുടെ മാതാപിതാക്കൾ യു.എസിൽ നിന്നും നാട്ടിലേക്ക് മടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കൃത്യമായ ആസൂത്രണത്തോടെ ഈ ദാരുണമായ കൊലപാതകങ്ങൾ അരങ്ങേറിയതെന്നാണ് പുതിയ കണ്ടെത്തൽ. കൊലപാതകത്തിന് ശേഷം പ്രതിയുടെ മാതാപിതാക്കളുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലാണ്. ഈ കൊലപാതകങ്ങളെക്കുറിച്ച് എന്തെങ്കിലും മുന്നറിയിപ്പ് ഇവർക്ക് കിട്ടിയിരുന്നോ എന്നറിയാൻ യു.എസ് പോലീസ് ഇവരെ നിലവിൽ കടുത്ത നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.
അതേസമയം മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ നാളെ പൂർത്തിയാകുമെന്നാണ് വിവരം. എംബാമിങ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് രണ്ടുദിവസം കൂടി വേണ്ടിവന്നേക്കും. ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം അനില (32) കുറ്റമേറ്റതായി സൂചനകളുണ്ടെങ്കിലും ഇക്കാര്യം മിൽപീറ്റസ് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഫൊറൻസിക് പരിശോധനകൾ ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ പുരോഗമിക്കുന്നതിനാൽ കുറ്റസമ്മതം സംബന്ധിച്ച വിവരങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം വൈകാനാണ് സാധ്യത.

