Spread the love

കേരളം വേനല്‍ച്ചൂടിൽ വെന്തുരുകുകയാണ്. സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ ഉഷ്ണതരംഗത്തിനു സമാനമായ സാഹചര്യമാണു നിലനിൽക്കുന്നത്. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്.

അതേസമയം പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 40 ഡിഗ്രി സെൽഷ്യസ്. കൊല്ലം ജില്ലയിൽ 39, പത്തനംതിട്ട ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ട്. ഇടുക്കി, വയനാട് ജില്ലകളിൽ താപനില മുന്നറിയിപ്പുകളില്ല . ഇവിടെ 34 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. പകൽ 11 മുതൽ 4 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം.

അതേസമയം  സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ഹീറ്റ് ഹെല്‍ത്ത് ആക്ഷന്‍ പ്ലാന്‍ ആവിഷ്‌ക്കരിച്ചാണ് നടപടികള്‍ എകോപിപ്പിച്ചിരിക്കുന്നത്. ക്ലിനിക്കുകളില്‍ കൂളിംഗ് ഉപകരണങ്ങളുടേയും മരുന്നുകളുടേയും ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട്. ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ് ജോര്‍ജ് അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദേശം

സൂര്യഘാതം ഏൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണം. ചൂട് വർധിക്കുന്ന സാഹചര്യത്തിൽ സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.