മലയാളത്തിലെ പ്രശസ്ത സാഹിത്യ വിമര്‍ശകന്‍ പ്രൊഫ. എം.കെ. സാനു അന്തരിച്ചു.98 വയസായിരുന്നു.അദ്ധ്യാപകന്‍, വാഗ്മി, എഴുത്തുകാരന്‍, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനായിരുന്ന സാനു എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു
1928 ഒക്ടോബര്‍ 27നു ആലപ്പുഴയിലെ തുമ്പോളിയില്‍ ജനിച്ചു. അതീവ സമ്പന്നമായ കൂട്ടുകുടുംബത്തില്‍ ജനിച്ച എം.കെ. സാനു, അകാലത്തില്‍ അച്ഛന്‍ മരിച്ചതോടെ ദാരിദ്ര്യത്തിന്റെയും നിസ്സഹായതയുടെയും നിഴലിലായി. അതിന്റെ കയ്പുനീര്‍ കുടിച്ചാണ് യൗവനം പിന്നിട്ട് സാഹിത്യ സാസ്‌കാരിക മണ്ഡലത്തില്‍ നിറഞ്ഞത്. നാലു വര്‍ഷത്തോളം സ്‌കൂളദ്ധ്യാപകന്‍. പിന്നീട് വിവിധ ഗവണ്മെന്റ് കോളേജുകളില്‍ അദ്ധ്യാപകവൃത്തിയിലേര്‍പ്പെട്ടു. 1958ല്‍ അഞ്ചു ശാസ്ത്ര നായകന്മാര്‍ എന്ന ആദ്യഗ്രന്ഥം പ്രസിദ്ധീകരിച്ചു. 1960ല്‍ വിമര്‍ശനഗ്രന്ഥമായ കാറ്റും വെളിച്ചവും പുറത്തിറങ്ങി. 1983ല്‍ അദ്ധ്യാപനത്തില്‍ നിന്ന് വിരമിച്ചു. സ്ഥാപകാധ്യക്ഷനായിരുന്ന മഹാകവി വൈലോപ്പിള്ളിയെ തുടര്‍ന്ന് 1986ല്‍ പുരോഗമന സാഹിത്യസംഘം പ്രസിഡണ്ടായി. കോണ്‍ഗ്രസ് നേതാവ് എ എല്‍ ജേക്കബിനെ പരാജയപ്പെടുത്തി 1987ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തില്‍ നിന്നും ഇടതുപക്ഷ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.വിമര്‍ശനം, വ്യാഖ്യാനം, ബാലസാഹിത്യം, ജീവചരിത്രം തുടങ്ങി വിവിധ സാഹിത്യശാഖകളിലായി നാല്പതോളം കൃതികളുടെ കര്‍ത്താവാണ് എം.കെ. സാനു. കര്‍മഗതി എന്നാണ് ആത്മകഥയുടെ പേര്.
സാനു മാഷിന്റെ സംസ്‌ക്കാരം ഇന്നു വൈകീട്ട് 5ന് രവിപുരം ശ്മശാനത്തില്‍ .ഇന്ന് അമൃതയില്‍ എച്ച്. ആര്‍ (സി. ബ്ലോക്കിന്) സമീപം പൊതു ദര്‍ശനം. രാവിലെ എട്ടിനു വസതിയായ കാരിക്കാമുറി ‘സന്ധ്യ’ യില്‍ എത്തിയ്ക്കും.10 ന് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

