Spread the love

ബാംഗ്‌ളൂര്‍: ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമ പ്രകാരം സ്ത്രീക്കെതിരെ ലൈംഗിക അതിക്രമ കുറ്റം ചുമത്താമെന്ന് കര്‍ണാടക ഹൈക്കോടതി, 2020 ല്‍ 13 വയസ്സുള്ള ആണ്‍കുട്ടിയെ തന്റെ വീട്ടില്‍ വെച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചതായി ആരോപിക്കപ്പെടുന്ന 52 വയസ്സുള്ള ഒരു സ്ത്രീക്കെതിരായ ക്രിമിനല്‍ കേസ് റദ്ദാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

തീവ്രമായ ലൈംഗികാതിക്രമങ്ങളോ ബലാത്സംഗമോ ഒരു സ്ത്രീക്കെതിരെ ചുമത്താന്‍ കഴിയില്ലെന്ന പ്രതിഭാഗം വാദം കോടതി തള്ളി. പോക്‌സോ നിയമത്തിലെ 4 ഉം 6 ഉം വകുപ്പുകള്‍ അനുസരിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗീകമായി ഉപദ്രവിക്കുന്ന ഏതൊരാളും കുറ്റവാളിയാണെന്ന് വ്യക്തമാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.ഒരു ലൈംഗിക ബന്ധത്തില്‍ സ്ത്രീ ഒരു നിഷ്‌ക്രിയ പങ്കാളി മാത്രമാണെന്നും പുരുഷന്‍ ഒരു സജീവ പങ്കാളിയാണെന്നും വാദിച്ചപ്പോള്‍, ‘ഈ ചിന്ത തന്നെ പഴഞ്ചനാണ്’ എന്ന് കോടതി ചൂണ്ടിക്കാട്ടി.