കൊച്ചി: എറണാകുളത്ത് 12 വയസുകാരനെ ക്രൂരമായി മർദിച്ച് പരിക്കേൽപിച്ചെന്ന പരാതിയിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പോലീസാണ് പ്രതികളെ പിടികൂടിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസിൽ ജെ ജെ ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 12-Year-Old Brutally Beaten in kochi
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയും സ്വകാര്യ യു ട്യൂബ് ചാനല്‍ ജീവനക്കാരനായ സുഹൃത്ത് തിരുവനന്തപുരം വാമനപുരം കല്ലറ സൗപര്‍ണിക വില്ലയില്‍ സിദ്ധാര്‍ത്ഥ് രാജീവുമാണ് (24) എളമക്കര പൊലീസിന്റെ പിടിയിലായത്.
ഇയാൾ കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും ശരീരത്തിൽ മുറിപ്പാടുകൾ ഉണ്ടാക്കുകയും ചെയ്തു. കുട്ടി അമ്മയ്ക്ക് ഒപ്പം കിടന്നതാണ് ആൺസുഹൃത്തിന്റെ പ്രകോപനത്തിന് കാരണം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ് യുവതി. നിലവിൽ കല്ലൂരിലെ ഫ്ലാറ്റിൽ ആൺസുഹൃത്തിനൊപ്പമാണ് യുവതിയും കുട്ടിയും താമസിക്കുന്നത്.
കുട്ടി അമ്മക്കൊപ്പം കിടക്കുന്നതിൽ പ്രകോപിതനായിട്ടാണ് ആൺസുഹൃത്ത് ഇത്തരത്തിൽ ക്രൂരമായി പെരുമാറിയത്. അമ്മയുടെ ആൺസുഹൃത്ത് കുട്ടിയുടെ കൈ പിടിച്ച് തിരിക്കുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. ബാത്റൂമിന്റെ ഡോറിലിടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് പരിക്കേറ്റു.
അതേസമയം ഇയാൾ കുട്ടിയെ ഉപദ്രവിച്ചപ്പോൾ അമ്മ ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മാന്തി മുറിവേൽപിച്ചുവെന്നും എഫ്ഐആറിൽ പോലിസ് വ്യക്തമാക്കുന്നു. കേസിൽ അമ്മയാണ് ഒന്നാം പ്രതി. അമ്മയുടെ ആൺസുഹൃത്ത് രണ്ടാം പ്രതിയാണ്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അച്ഛനാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നാലെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് ആശുപത്രി അധികൃതരാണ് വിവരം പൊലീസിനെ അറിയിച്ചത്.

