നാല് ആൺകുട്ടികളെ ബന്ദികളാക്കി ക്രൂരമായി പീഡിപ്പിച്ചു. ഗുരുഗ്രാമിലെ ഡിഎൽഎഫ് ഫേസ് 3-യിലുള്ള ഒരു പിജി ഹോസ്റ്റലിൽ ആണ് സംഭവം. കുട്ടികളുടെ അമ്മമാർ എത്തി അപേക്ഷിച്ചതിനെത്തുടർന്നാണ് പ്രതികൾ ഇവരെ വിട്ടയച്ചത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.തിങ്കളാഴ്ചയാണ് സംഭവം നടന്നത്.
പ്രതികൾ നാല് ആൺകുട്ടികളെ ഒരു മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയും, നഗ്നരാക്കുകയും, സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പിടിഐ റിപ്പോർട്ട് പ്രകാരം, കുട്ടികളുടെ അമ്മമാർ സ്ഥലത്തെത്തി പ്രതികളോട് കേണപേക്ഷിച്ചതിനെത്തുടർന്നാണ് കുട്ടികളെ വിട്ടയക്കാൻ അവർ തയ്യാറായത്. ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം സമീപത്തുള്ള നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് മോഷണം നടത്താൻ എത്തിയവരാണെന്ന് സംശയിച്ചാണ് കുട്ടികളെ പിടികൂടിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ഒരു മാതാവ് തന്റെ മകനെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിനിടെയാണ് മറ്റൊരു സ്ത്രീയുടെ രണ്ട് മക്കളെയും കാണാതായ വിവരം അറിഞ്ഞത്. ഇതോടെ ഇരുവരും നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ പിജി ഹോസ്റ്റലിൽ കുട്ടികളെ പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

