ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് തിരിച്ചടിയായത് അറസ്റ്റിലായ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി രാജീവര്‍ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് പത്മകുമാര്‍ പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിന്‍ബലത്തിലാണെന്നാണ് മൊഴി. ഇതോടെയാണ് തന്ത്രിയെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. തനിക്ക് ശബരിമലയില്‍ സഹകരിക്കുന്ന ആള്‍ എന്ന രീതിയില്‍ പോറ്റിയുമായി ബന്ധമുണ്ടെന്ന് രാജീവര്‍ സമ്മതിച്ചിട്ടുമുണ്ട്.
പക്ഷേ ഇപ്പോള്‍ കസ്റ്റഡിയിലുളള എ പത്മകുമാര്‍ നല്‍കുന്ന കൂടുതല്‍ മൊഴികള്‍ നിര്‍ണായകമാണ്. പത്മകുമാര്‍ പറഞ്ഞ ദൈവ തുല്യന്‍ ആരാണെന്ന സംശയം നിലനില്‍ക്കുകയാണ്. തന്ത്രിയും കേസില്‍ ഉള്‍പ്പെടുമോ എന്ന സംശയവും ബലപ്പെടുകയാണ്.
ശബരിമലയില്‍ സ്‌പോണ്‍സറാകാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി സര്‍ക്കാരില്‍ ആരെയൊക്കെ സമീപിച്ചെന്ന കാര്യത്തില്‍ പത്മകുമാര്‍ കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. ഗോള്‍ഡ് പ്ലേറ്റിംഗ് വര്‍ക്കുകള്‍ സന്നിധാനത്ത് ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

