സിപിഐയുടെ എതിര്‍പ്പ് പരിഗണിക്കാതെ പിഎംശ്രീ പദ്ധതിയില്‍ സർക്കാർ ഒപ്പുവെച്ചതിൽ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മുന്നണിയില്‍ തുടരുമോ എന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍, അതൊക്കെ 12.30 കഴിഞ്ഞ് പറയാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് വ്യാഴാഴ്ച ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. കനത്ത തിരിച്ചടിക്കിടെ, പ്രശ്നം ചര്‍ച്ചചെയ്യാന്‍ സിപിഐ വെള്ളിയാഴ്ച അടിയന്തര സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. ഇതിനു ശേഷം പ്രതികരണം അറിയിക്കാമെന്നാണ് ബിനോയ് വിശ്വം ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.
മൂന്നുതവണ മന്ത്രിസഭയിലും മാധ്യമങ്ങളിലൂടെ പരസ്യമായും ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. ഭാഗമാകണമെന്ന് വിദ്യാഭ്യാസമന്ത്രി നിലപാടെടുത്തപ്പോള്‍ എതിര്‍പ്പ് കടുപ്പിച്ച് പരസ്യമായി ഇറങ്ങിയതുമാണ്. എന്നാല്‍, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയുടെ എതിര്‍പ്പിന് ഒരുവിലയും കല്‍പിക്കാതെ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് സിപിഐക്ക് തിരിച്ചടിയായി.

