Spread the love

 

മാണി സി കാപ്പന്‍ ജോസഫ് ഗ്രൂപ്പിലേക്കോ, പാലാ സീറ്റ് മോഹികള്‍ യുഡിഎഫില്‍ ഏറുന്നു

കോട്ടയം : പാലാ സീറ്റ് മോഹികള്‍ യുഡിഎഫില്‍ ഏറിയതോടെ മാണി സി കാപ്പന് മത്സരിക്കാന്‍ വ്യവസ്ഥ വച്ചതായി റിപ്പോര്‍ട്ട്. രണ്ടു വട്ടം പാലാ മണ്ഡലത്തില്‍ നിന്നു വിജയിച്ചു കെ.എം മാണി അരനൂറ്റാണ്ട് കുത്തയാക്കിയ മണ്ഡലം കേരള കോണ്‍ഗ്രസ് എമ്മിന് ബാലികേറാമലയാക്കിയ കാപ്പന് യുഡിഎഫ് സീറ്റ് ലഭിക്കാന്‍ പുതിയ കടമ്പ സൃഷ്ടിച്ചുവെന്നു തന്നെയാണ് റിപ്പോര്‍ട്ടുകള്‍.ഇലക്ഷനു മുമ്പ് മാണി സി കാപ്പന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കണമെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് മുന്നോട്ടുവച്ചിട്ടുളളതെന്ന് അറിയുന്നു. ജോസഫ് വിഭാഗത്തിന് പാലാ സീറ്റ് നല്‍കുമ്പോള്‍ അവിടെ കേരള കോണ്‍ഗ്രസുകള്‍ തമ്മിലുളള പോരാട്ടമാകും. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എം ആണ് ഇവിടെ മത്സരിച്ചുവരുന്നത്.

പാലായിലെ സീറ്റു കാര്യത്തില്‍ യുഡിഎഫില്‍ പുതിയ ചിന്താഗതി ഉടലെടുത്തത് മുനിസിപ്പാലിറ്റി യുഡിഎഫ് ഭരണത്തിലായതോടെയാണെന്നാണ് സൂചന. പാലാ നഗരസഭ ഭരണം മൂന്നു പതിറ്റാണ്ടിനു ശേഷം കേരള കോണ്‍ഗ്രസ് എമ്മിന് നഷ്ടമായി. ഇവിടെ സ്വതന്ത്രരായി വിജയിച്ച പുളിക്കകണ്ടം ഫാമിലി പിന്തുണയില്‍ യുഡിഎഫ് അധികാരത്തിലെത്തി. ആദ്യ ടേമില്‍ സ്വതന്ത്രയായി വിജയിച്ച ദിയ പുളിക്കക്കണ്ടമാണ് ചെയര്‍പേഴ്‌സണ്‍. ടേണ്‍ അനുസരിച്ച് അടുത്തത് കോണ്‍ഗ്രസിനാണ്. യുഡിഎഫിന് പിന്തുണ നല്‍കുന്നതിനൊപ്പം പാലാ നിയമസഭാ സീറ്റ് പുളിക്കക്കണ്ടം ഫാമിലി ചോദിച്ചുവെന്നാണ് അറിയുന്നത്. ഇതെ തുടര്‍ന്നാണ് കാപ്പന്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ലയിക്കണമെന്ന നിര്‍ദേശം നല്‍കിയതത്രെ. പ്രമുഖ ഘടകക്ഷികള്‍ക്കു മാത്രം സീറ്റ് എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നതിനാണ് ഈ നീക്കം.സ്വതന്ത്രര്‍ക്ക് സീറ്റു നല്‍കില്ലെന്ന നിലപാട് യുഡിഎഫിന് എടുക്കാനും കഴിയും.

എന്‍.സി.പിവിട്ട് യു.ഡി.എഫിനൊപ്പം ചേര്‍ന്ന മാണി സി. കാപ്പന്‍ വിഭാഗം കേരള ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന രൂപീകരിച്ചിരുന്നു. പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരവും ലഭിച്ചു. ഈ സാഹചര്യത്തില്‍ ജോസഫ് വിഭാഗത്തിലേക്ക് കുടിയേറാന്‍ കാപ്പന് താല്‍പര്യമില്ല. പക്ഷേ യുഡിഎഫ് കടുത്ത സമ്മര്‍ദം നടത്തിയാല്‍ ഒരുപക്ഷേ ഇത് പുനപരിശോധിച്ചേക്കാം.

2021 ല്‍ പാലായില്‍ തന്റെ ഭൂരിപക്ഷം കൃത്യമായി പ്രവചിച്ചാണ് കാപ്പന്‍ മത്സരിച്ചത്. പ്രവചനം അതുപോലെ ഫലിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് ശേഷം ഹൈക്കോടതിയില്‍ വന്ന കേസിലും 12 വര്‍ഷമായുളള ചെക്കു കേസിലും കാപ്പന് അനുകൂലമായിരുന്നു ഹൈക്കോടതി വിധി. ഇതോടെ രാഷ്ട്രീയ വിക്കറ്റില്‍ കാപ്പന് കരുത്തനായിരിക്കുകയാണ്.