പത്തനംതിട്ട : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇഞ്ചപ്പാറയ്ക്ക് സമീപം വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. അതിരുങ്കൽ മുട്ടുമണ്ണിൽ വീട്ടിൽ അനീഷാണ്(32) മരിച്ചത്. ഇഞ്ചപ്പാറയ്ക്ക് സമീപം വെള്ളിയാഴ്ച രാത്രി ഏഴ് മണിയ്ക്കാണ് അപകടം നടന്നത്.
സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ അനീഷ് സ്വകാര്യ ബസ്സിനടിയിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോത്തുപാറ വേങ്ങവിളയിൽ ബൈജുവിനെ (32) പരിക്കുകളോടെ കോന്നിയിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം മറ്റൊരു ബൈക്ക് യാത്രികനായ കലഞ്ഞൂർ ഒന്നാംകുറ്റി മല്ലങ്കഴയിൽ ഷാജി ജോർജ്ജിനും പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പത്തനാപുരത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനീഷിന്റെ അമ്മ സുധ. ഭാര്യ- മാനസ. മകൾ-അമേയ.

