Spread the love

കോട്ടയം: കെട്ടിട പെര്‍മിറ്റ് അഴിമതിയില്‍ കൊച്ചിയിലെ വനിതാ ഉദ്യോഗസ്ഥ പിടിയിലായ സംഭവം അഴിമതി മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് സൂചന ലഭിച്ചതോടെ ഇതര നഗരസഭകളിലും  വിജിലന്‍സ് ശ്രദ്ധപതിപ്പിക്കണമെന്ന ആവശ്യം സോഷ്യല്‍ മീഡിയില്‍ ഉയരുന്നു. കോട്ടയം നഗരസഭയില്‍ പെന്‍ഷന്‍ പണവുമായി മുങ്ങിയ ഉദ്യോഗസ്ഥനെ ഇതുവരെ പിടികൂടിയിട്ടില്ല. 2.4 കോടി രൂപയുമായാണ് ഇയാള്‍ മുങ്ങിയത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ ഒത്തുതീര്‍പ്പിന് പോലീസ് വഴങ്ങിയെന്ന വ്യാപക പരാതിയുണ്ട്. അഖില്‍ സി വര്‍ഗീസ് എന്ന ഉദ്യോഗസ്ഥനാണ് അമ്മയുടെ അക്കൗണ്ടിലേക്ക് പെന്‍ഷന്‍ പണം വകമാറ്റിയെടുത്ത് കടന്നത്. അഖില്‍ നേരത്തെ ജോലി ചെയ്ത വൈക്കം നഗരസഭയിലും പരാതി ഉയര്‍ന്നിരുന്നു. വൈക്കം നഗരസഭയിലെ ഒരു കൗണ്‍സിലര്‍ തന്നെ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി നടക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു. പോലീസ് വിജിലന്‍സ് വിഭാഗം തുടര്‍നടപടിയൊന്നും സ്വീകരിച്ചില്ല.

കെട്ടിടത്തിന് പെര്‍മിറ്റ് നല്‍കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായ കൊച്ചി കോര്‍പ്പറേഷന്‍ വനിതാ ഓവര്‍സിയര്‍ സ്വപ്നയ്ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞദിവസം വൈറ്റിലയില്‍ റോഡരികില്‍ കാറില്‍വെച്ച് പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്. 15,000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. കോര്‍പ്പറേഷനിലെ ബില്‍ഡിങ് സെക്ഷന്‍ ഓവര്‍സിയറാണ് സ്വപ്ന.

ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് സ്വപ്ന കുടുങ്ങിയത്. കെട്ടിടത്തിന്റെ പെര്‍മിറ്റ് അനുവദിക്കുന്നതിന് ആദ്യം 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ട സ്വപ്ന, പരാതിക്കാരന്റെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് 15000 രൂപയാക്കി കുറച്ചു. അഞ്ചുനിലക്കെട്ടിടത്തിന്റെ ഓരോ നിലയ്ക്കും 5,000 രൂപ വീതം എന്ന നിലയ്ക്കായിരുന്നു പണം ചോദിച്ചിരുന്നത്. ഇതാണ് പിന്നീട് പരാതിക്കാരന്റെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് 15,000 രൂപയാക്കി കുറച്ചത്.

ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വൈറ്റില വൈലോപ്പിള്ളി റോഡിലെ പൊന്നുരുന്നി അമ്പലത്തിനു സമീപം, സ്വന്തം കാറില്‍ പണം വാങ്ങുന്നതിനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. ജോലികഴിഞ്ഞ് സ്വന്തം കാറില്‍ തൃശ്ശൂര്‍ കാളത്തോടുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. കാറില്‍ ഇവരുടെ മൂന്ന് കുട്ടികളുമുണ്ടായിരുന്നു. പരിശോധനയില്‍ കാറില്‍നിന്ന് 41,180 രൂപ കണ്ടെത്തിയിരുന്നു. ഈ പണവും കൈക്കൂലിയായി സ്വപ്ന കൈപറ്റിയതാണെന്ന സംശയത്തിലാണ് വിജിലന്‍സ്. സംഭവത്തില്‍ വിജിലന്‍സ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

സ്വപ്ന സ്ഥിരം അഴിമതിക്കാരിയാണെന്ന് വ്യക്തമായിരിക്കുന്നത്. സ്വപ്ന മുന്‍പും കൈക്കൂലി വാങ്ങിയിരുന്നതായുള്ള വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷമായി സ്വപ്ന നഗരസഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇക്കാലയളവിലെ ഇവരുടെ പ്രവര്‍ത്തനങ്ങളും ഇടപാടുകളും സംബന്ധിച്ച് അന്വേഷണം നടത്തും.

കൊച്ചി കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ അഴിമതി കാണിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷം നേരത്തേതന്നെ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ മേയര്‍ നേരിട്ട് ഇടപെട്ടാണ് സ്വപ്നയുടെ സസ്പെന്‍ഷന്‍ നടപടികള്‍ കൈക്കൊണ്ടത്. കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ചേരുന്നതിന് മുന്‍പായാണ് നടപടി.