തിരുവനന്തപുരം : കേരളത്തിലെ മാധ്യമപ്രവർത്തകരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി ആശങ്കാജനകമായ അവതാളത്തിൽ ആയതിനാൽ അടിയന്തര ഇടപെടൽ അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കേരള പത്രപ്രവർത്തക യൂണിയൻ്റെ (KUWJ)കത്ത്.
ആറു വർഷത്തിലധികമായി അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും ഇക്കാര്യത്തിൽ സജീവ ശ്രദ്ധ പതിയണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡൻറ് കെ പി റെജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ ആവശ്യപ്പെട്ടു
കെ കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ആരംഭിച്ച പങ്കാളിത്ത പെൻഷൻ പദ്ധതി സമീപകാലത്ത് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അപേക്ഷകളിൽ തീർപ്പു കൽപ്പിക്കുന്നതിനും, ഇതര സാങ്കേതിക പ്രശ്നം ഉള്ള അപേക്ഷകൾ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് വലിയ ആശങ്കയ്ക്കിട യാക്കിയിരിക്കുകയാണ്. പബ്ലിക് റിലേഷൻസ് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ അലംഭാവം വിമർശന വിധേയമായിട്ടുണ്ട്
കത്ത് പൂർണ രൂപത്തിൽ
പെൻഷൻ പദ്ധതി അടക്കം മാധ്യമപ്രവർത്തകരുടെ വിവിധ ക്ഷേമപദ്ധതികൾക്ക് നൽകിവരുന്ന അകമഴിഞ്ഞ പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി.
ആറുവർഷത്തിലേറെയായി കെട്ടിക്കിടക്കുന്നവ അടക്കം പുതിയ പെൻഷൻ അപേക്ഷകൾ പരിഗണിച്ചു തീർപ്പാക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നൂറു കണക്കിന് മാധ്യമ പ്രവർത്തകർക്ക് ആശ്വാസം ആകുന്ന നടപടിയിൽ നന്ദി അറിയിക്കുകയും ചെയ്യുന്നു. അംഗത്വത്തിന് കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ രേഖകൾ ഓൺലൈൻ ആക്കുന്നതിനായി ജില്ലാ ഓഫീസുകളിലേക്ക് അയച്ച് നടപടികൾ വേഗത്തിലാക്കും എന്നാണ് തുടക്കത്തിൽ അറിയിച്ചിരുന്നതെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകുന്നതായി അനുഭവവേദ്യമാകുന്നില്ല.
പുതിയ അപേക്ഷകളുടെ പ്രോസസിങ് നന്നായി നടക്കുന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്. കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഏറെയും അനേകവർഷങ്ങളായി കാത്ത് നിൽക്കുന്നവരുടേത് ആയതിനാൽ ഇവരുടെ കാര്യത്തിൽ നടപടികൾ വേഗത്തിൽ ആക്കാൻ വേണ്ടത് ചെയ്യണം എന്ന് അഭ്യർഥിക്കുന്നു.
പ്രോസസിങ് നടപടി പൂർത്തിയായി അംഗത്വം ലഭിക്കുന്ന വർഷങ്ങൾ പഴക്കമുള്ള അപേക്ഷകരിൽ നിന്ന് പോലും അംശദായത്തിന്മേൽ പിഴപ്പലിശ ഈടാക്കുന്നതായും അറിയുന്നു. പ്രോസസിങ് വൈകിയതിന് ഇവർ ഉത്തരവാദികൾ അല്ലാത്തതിനാൽ ഇവരുടെ പിഴപ്പലിശ ഒഴിവാക്കി കിട്ടുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും അഭ്യർഥിക്കുന്നു”.

