Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില റെക്കോർഡ് ഭേദിച്ചു. രാവിലെ റെക്കോ‍ർഡ് വിലയിലായിരുന്നു സ്വർണവില. വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിക്കുകയാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,280 രൂപയാണ്. രാവിലെ 600 രൂപയാണ് പവന് വർദ്ധിച്ചത്. ഉച്ചയ്ക്ക് 360 രൂപയും. ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.

അതേസമയം നിലവിലെ ട്രെൻഡ് പരിഗണിച്ചാൽ‌ ഇന്നുതന്നെയോ നാളെയോ ഒരുലക്ഷം രൂപ എത്തും. കഴിഞ്ഞ ഒരുവർഷത്തിനിടെ മാത്രം പവന് 42,160 രൂപയാണ് കൂടിയത്.

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്.