Spread the love

തിരുവനന്തപുരം: രാജ്യത്തിന്റെ അഭിമാന പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ ഇടതുമുന്നണിയിലെ രണ്ടാം ഘടകക്ഷിയായ കേരള കോണ്‍ഗ്രസ് എമ്മിന് അര്‍ഹമായ സ്ഥാനമോ പരിഗണനയോ നല്‍കിയെല്ലന്ന് പാര്‍ട്ടിക്കുള്ളില്‍ വികാരം. പാര്‍ട്ടി അണികളും നേതാക്കളുമാണ് ഇക്കാര്യത്തിലുളള അഭിപ്രായം പ്രചരിപ്പിക്കുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖ സമര്‍പ്പണം സിപിഎം ബിജെപി പരിപാടിയായി മാറി എന്നാണ് പൊതുവിമര്‍ശനം. കോണ്‍ഗ്രസ് വിട്ടു നിന്നതോടെ ഫലത്തില്‍ ഇത് സിപിഎം ഹൈജാക്ക് ചെയ്യുകയായിരുന്നു എന്നാണ് വികാരം. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനായി ബജറ്റില്‍ ആദ്യമായി പണം നീക്കിവച്ച കെ.എം മാണിയെയും മറന്നു എന്നതാണ് പാര്‍ട്ടിയുടെ പൊതുവികാരം.കെഎം മാണിയെ സ്മരിക്കുന്ന ഒന്നും വിഴിഞ്ഞത്തിന്റെ ഭാഗമായി ചെയ്തില്ല. കെഎം മാണിയുടെ ബജറ്റ് പ്രസംഗം കേരള കോണ്‍ഗ്രസ് വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

കേരളത്തില്‍ ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെടുന്ന വിഴിഞ്ഞം ഇടതു സര്‍ക്കാര്‍ നേട്ടമായി അവതരിപ്പിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എം മന്ത്രിയോ പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ മാണിയെയോ വേദിയിലേക്ക് ക്ഷണിച്ചില്ല. മുഖ്യമന്ത്രി ഉള്‍പ്പടെ സിപിഎമ്മിന്റെ മൂന്നു മന്ത്രിസഭാംഗങ്ങളും രണ്ട് എംപിമാരും വേദിയിലുണ്ടായിരുന്നു.കൂടാതെ സ്ഥലം എംപിയായ ശശിതരൂരും. ഘടകകക്ഷിയായ സിപിഐ പ്രതിനിധിയും വേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം എത്തിയപ്പോള്‍ കേരള കോണ്‍ഗ്രസ് എം മന്ത്രി റോഷി അഗസ്റ്റിനെയോ ജോസ് കെ മാണിയെയോ പങ്കെടുപ്പിച്ചില്ല.

സംസ്ഥാന മന്ത്രിമാരായ വി.എന്‍ വാസവന്‍, സജി ചെറിയാന്‍, ജി.ആര്‍.അനില്‍, എംപിമാരായ എ.എ.റഹിം, ജോണ്‍ ബ്രിട്ടാസ്, മേയര്‍ ആര്യ രാജേന്ദ്രന്‍, അദാനി പോര്‍ട്‌സ് എംഡി കരണ്‍ അദാനി എന്നിവരും വേദിയിലുണ്ടായിരുന്നു. റഹിമും ജോണ്‍ബ്രിട്ടാസും രാജ്യസഭാ എംപിമാരാണ്. സിപിഎമ്മിന്റെ കേരളത്തിലെ ഏക ലോക്‌സഭാ എംപിയും മുന്‍ ദേവസ്വംമന്ത്രിയുമായ രാധാകൃഷ്ണനെ ഒഴിവാക്കുകയും ചെയ്തു.                                                                                                                                                                                                                                                                                     രണ്ട് രാജ്യസഭാ എംപിമാരെ സിപിഎം വേദിയിലിരുത്തിയപ്പോള്‍ ഘടകക്ഷിയിലെ ഏക രാജ്യസഭാ എംപിയെ തഴഞ്ഞതാണ് അണികളെ രോഷം കൊള്ളിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണിയുടെ പരാജയത്തില്‍ തന്നെ പാര്‍ട്ടിയിലെ ഒരു വിഭാഗം സംശയിക്കുന്ന ഘട്ടത്തിലാണ് ഈ സംഭവം. കോട്ടയം ജില്ലക്കാരനും തുറമുഖ മന്ത്രിയുമായ വി.എന്‍ വാസവന്‍ ചടങ്ങിലെ മുഖ്യആകര്‍ഷണമായി. സിപിഎം കോട്ടയം ജില്ലാ ഘടകമോ നേതാക്കളോ കേരള കോണ്‍ഗ്രസ് എമ്മിനെ ഘടകകക്ഷി എന്ന നിലയില്‍ പരിഗണിച്ചില്ലെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട്. ചേരിതിരിഞ്ഞു മുദ്രാവാക്യം വരെ വിളിച്ച ഉദ്ഘാടന വേള കേരളത്തിലെ രാഷ്ട്രീയത്തിന്റെ തെരഞ്ഞെടുപ്പ് രാ്ഷ്ട്രീയ പ്രതിഫലനമായി മാറുകയായിരുന്നു. പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖം നഷ്ടപ്പെട്ട അവഗണനയായി അണികള്‍ വിഴിഞ്ഞത്തെ കാണുന്നു.

അതേ സമയം വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയില്‍ കേരള കോണ്‍ഗ്രസ് എം യൂത്ത് ഫ്രണ്ട് അധ്യക്ഷന്‍ സിറിയക് ചാഴികാടന്റെ നേതൃത്വത്തില്‍ തീരദേശവാസികളുടെ കടലവകാശത്തിനായി ജാഥ നയിക്കുന്നത് പ്രതീകാത്മക പ്രതിഷേധമായും വ്യാഖ്യാനിക്കുന്നുണ്ട്. ജാഥ കാസര്‍ഗോഡ് ഫ്‌ളാഗ് ഓഫ് ചെയ്തത് ജോസ് കെ മാണി എംപിയാണ്