വിഎസ് അച്യുതാനന്ദന്റെ മൃതദേഹം പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിൽ എത്തിച്ചു.
ആലപ്പുഴയുടെ മണ്ണിൽ വിഎസ് വീണ്ടും എത്തിയതോടെ കണ്ണീർപ്പൂക്കളുമായാണ് ജനങ്ങൾ എതിരേൽക്കുന്നത്. സങ്കടം മാത്രം നിറഞ്ഞ മുഖങ്ങളുമായി മണിക്കൂറുകളോളമാണ് പ്രിയപ്പെട്ട നേതാവിനായി അവർ കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ ആരംഭിച്ച വിലാപയാത്ര 22 മണിക്കൂർ പിന്നിട്ടാണ് വീട്ടിലെത്തുന്നത്.
പെരുമഴയെ പോലും തോൽപ്പിച്ചു കൊണ്ട് ജനക്കൂട്ടം ‘കണ്ണേ കരളേ’ മുദ്രാവാക്യങ്ങളുമായി തെരുവുകളെ നൊമ്പര കടലാക്കി മാറ്റി. എല്ലാവഴികളും വി എസിലേക്ക് ഒഴുകിയെത്തുന്ന കാഴ്ചക്കാണ് കഴിഞ്ഞ മണിക്കൂറുകളിൽ കേരളം സാക്ഷ്യംവഹിച്ചത്.

