കോട്ടയം കടുത്തുരുത്തി പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ വിഷം ഉള്ളില്‍ച്ചെന്നു സ്വര്‍ണവ്യാപാരി പൊന്നാട് പണിക്കാപ്പറമ്പില്‍ രാധാകൃഷ്ണന് (63) മരിച്ച സംഭവത്തില്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കുടുംബം വിവരാവകാശ കമ്മിഷനെ സമീപിക്കും. രാധാകൃഷ്ണന്റെ ശരീരത്തില്‍ മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇതു ലോക്കപ്പില്‍ സംഭവിച്ചതാണെന്നാണു കുടുംബത്തിന്റെ ആരോപണം.
ഫെബ്രുവരി 6നു വൈകിട്ട് കസ്റ്റഡിയിലായ രാധാകൃഷ്ണന് പിറ്റേന്നു വൈകിട്ടു മുഹമ്മയിലെ ജ്വല്ലറിയിലെത്തിച്ചുള്ള തെളിവെടുപ്പിനിടെ ജീവനൊടുക്കിയെന്നാണു കടുത്തുരുത്തി പൊലീസിന്റെ റിപ്പോര്‍ട്ട്. പൊലീസ് തന്നെ മര്‍ദിച്ചെന്ന് ഇദ്ദേഹം സ്റ്റേഷനിലെത്തിയ മകനോടു പറഞ്ഞിരുന്നു. രാധാകൃഷ്ണന്റെ ശരീരത്തില്‍ 6 പരുക്കുണ്ടായിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോക്കപ്പ്പീഡനമുണ്ടായെന്ന ആരോപണം ശരിവയ്ക്കുന്നതാണിത്. ആന്തരികാവയവ രാസപരിശോധനയില്‍ സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ജ്വല്ലറിയില്‍ വച്ചാണോ എന്നു സ്ഥിരീകരിക്കാനുള്ള പരിശോധനകളുടെ ഫലം ലഭ്യമായിട്ടില്ല. അതിനുശേഷമേ റിപ്പോര്‍ട്ട് സമര്‍പ്പിക്കൂവെന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം നല്കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ക്ഷേത്രത്തിലുണ്ടായ വഴക്ക് പരിഹരിക്കാനെത്തിയ ഡിവൈഎഫ്ഐ നേതാവിനെ കസ്റ്റഡിയില്‍ എടുത്ത് കടുത്തുരുത്തി പൊലീസ് സ്റ്റേഷനില്‍ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി. ഡിവൈഎഫ്ഐ ആയാംകുടി മേഖലാ പ്രസിഡന്റ് കപിക്കാട് ഞാറക്കാട്ട് വീട്ടില്‍ എന്‍.അഭിലാഷാണ് (27) പരാതി നല്‍കിയത്.
2024 ഓഗസ്റ്റ് 26നാണു കടുത്തുരുത്തി പൊലീസ് അഭിലാഷിനെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ചത്.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ വൈകിട്ട് കപിക്കാട് ക്ഷേത്രത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും അടിപിടിയും ഉണ്ടായി. സംഭവം അന്വേഷിക്കാനായി എത്തിയ അഭിലാഷിനെ പൊലീസ് പിടികൂടുകയും സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയും ചെയ്തു. ജീപ്പില്‍ വച്ചു മര്‍ദിച്ചു. ഈ സമയത്ത് യൂണിഫോമിലല്ലാതെ വന്ന എസ്എച്ച്ഒ ടി.എസ്.റെനീഷ് കസേരയില്‍ നിന്നു രണ്ട് തവണ ചവിട്ടി വീഴ്ത്തി. പിന്നീട് സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദിച്ചു.ഇതിനിടയില്‍ സ്ഥലത്ത് എത്തിയ വൈക്കം ഡിവൈഎസ്പിയോട് പൊലീസുകാര്‍ തന്നെ മര്‍ദിച്ച കാര്യം പറഞ്ഞെങ്കിലും ശ്രദ്ധിച്ചില്ല.
കേസില്‍ പെടുത്തിയതോടെ ജോലി നഷ്ടമായി. സിപിഎം ഏരിയ നേതൃത്വത്തോടും ഡിവൈഎഫ്ഐ നേതൃത്വത്തോടും സംഭവം ബോധ്യപ്പെടുത്തിയെങ്കിലും സഹായിച്ചില്ല. പതിവുപോലെ കള്ളക്കേസും ചമച്ചു. പൊലീസിനെ താന്‍ മര്‍ദിച്ച് പ്രതികളെ താന്‍ മോചിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാണ് കേസ്.

