തിരുവനന്തപുരം: കേരത്തിൽ അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തെക്കന്‍ തമിഴ്നാടിനും മാന്നാര്‍ കടലിടുക്കിനും മുകളിലായി അന്തരീക്ഷത്തിന്റെ ഉയര്‍ന്നതലത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. എല്ലാ ജില്ലകളിലും ഇന്നും നാളെയും മഴ മുന്നറിയിപ്പുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
അതേസമയം തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള തീര പ്രദേശങ്ങളില്‍ കടലാക്രമണത്തിനു സാധ്യതയുണ്ട്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശിയടിച്ചേക്കും. കടലില്‍ ഉയര്‍ന്ന തിരമാലകളും രൂപപ്പെട്ടേക്കാം. കേരള – കര്‍ണാടക ലക്ഷദ്വീപ് തീരത്ത് ഏഴാം തീയതി വരെ മീന്‍പിടിത്തം വിലക്കി. തെക്കന്‍ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ അന്തരീക്ഷത്തില്‍ പടിഞ്ഞാറന്‍ – വടക്ക് പടിഞ്ഞാറന്‍ കാറ്റും ശക്തമാണ്.

