Spread the love

മീനച്ചിലാറിന്റെ തീരത്ത് 45 ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സെന്റ് ജോസഫ് ബ്ലോക്കിലായിരുന്നു 1950ല്‍ സെന്റ് തോമസ് കോളേജിന്റെ ഔദ്യോഗികമായ തുടക്കം. 300 വിദ്യാര്‍ത്ഥികളും 14 അദ്ധ്യാപകരും ഏതാനും അനദ്ധ്യാപകരും നാട്ടുകാരുമായിരുന്നു ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തത്.

പ്രഥമ പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ടത് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അധ്യക്ഷനും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ പ്രതിനിധിയുമായ ഡോ. പി. ജെ. തോമസായിരുന്നു. വയലില്‍ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ കോളേജിനെക്കുറിച്ചുണ്ടായിരുന്ന സ്വപ്നം എത്രയോ ഉന്നതമായിരുന്നു എന്നതിന്റെ നിദര്‍ശനം കൂടിയായിരുന്നു ആ നിയമനം. കോളേജിന്റ രണ്ടാമത്തെ പ്രിന്‍സിപ്പലും കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗവുമായിരുന്ന മോണ്‍. ജോസഫ് കുരീത്തടത്തിലച്ചന്റെ കാലത്താണ് അക്കാദമിക് മേഖലയിലും ഭൗതിക രംഗത്തും സെന്റ് തോമസ് കോളേജ് ശക്തമായി നിലയുറപ്പിച്ചത്. ഒട്ടനേകം പുതിയ കോഴ്‌സുകള്‍ ആരംഭിച്ചതും പുതിയ കെട്ടിടസമുച്ചയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടതും ഇക്കാലഘട്ടത്തിലായിരുന്നു. മഹത്തായ സ്വപ്നങ്ങളുടെയും ഉന്നതമായ ദീര്‍ഘവീക്ഷണത്തിന്റെയും തുടര്‍ച്ചയെന്നവണ്ണം ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അനേകം വ്യക്തികളെ സമൂഹത്തിന് സമ്മാനിച്ചുകൊണ്ടാണ് സെന്റ് തോമസ് കോളേജ് 75 വര്‍ഷം പിന്നിടുന്നത്.

1983ല്‍ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി സ്ഥാപിക്കപ്പെട്ടപ്പോള്‍ പ്രഥമ വൈസ് ചാന്‍സിലറായി നിയമിതനായത് സെന്റ് തോമസ് കോളേജിലെ പൊളിറ്റിക്‌സ് വിഭാഗം അധ്യാപകനായിരുന്ന ഡോ എ. റ്റി ദേവസ്യയായിരുന്നു. പിന്നീട് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായിരുന്ന ഡോ. സിറിയക് തോമസ് (പൊളിറ്റിക്‌സ് വിഭാഗം), ഡോ. ബാബു സെബാസ്റ്റ്യന്‍ (മലയാള വിഭാഗം) എന്നിവരും എം.ജി. യൂണിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സിലര്‍മാരായി.
കാലടി സര്‍വകലാശാലയില്‍ പ്രോ. വൈസ് ചാന്‍സിലറായിരുന്ന ഡോ. എസ്. രാജശേഖരനും സെന്റ് തോമസിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയാണ്.

അക്കാദമിക് രംഗത്തു മാത്രമല്ല രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലും കായിക രംഗത്തും പാലാപ്പെരുമയുടെ മുഖമായി മാറാന്‍ സെന്റ് തോമസ് കോളേജിന് സാധിച്ചു. 45 ഇന്റര്‍നാഷണല്‍ അത്‌ലറ്റുകളെയാണ് ഈ കോളേജ് രാജ്യത്തിന് സമ്മാനിച്ചത്. അര്‍ജുന അവാര്‍ഡ് ജേതാക്കളായ ജിമ്മി ജോര്‍ജ്, വില്‍സണ്‍ ചെറിയാന്‍, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് എന്‍.എസ് പ്രദീപ്, ജി.വി. രാജ അവാര്‍ഡ് ജേതാവ് മനോജ് ലാല്‍ എന്നിവരിലൂടെ കായികലോകത്ത് സെന്റ് തോമസ് കോളേജിന്റെ യശസ്സുയര്‍ത്തപ്പെട്ടു.

ഒളിമ്പിക്‌സ് നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂള്‍, വുഡന്‍ ഫ്‌ലോറിംഗ് ഉള്ള മള്‍ട്ടിപര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം, ടെന്നീസ് കോര്‍ട്ട്, മൂന്ന് ടര്‍ഫ് വിക്കറ്റുകളോടു കൂടിയ ക്രിക്കറ്റ് ഫീല്‍ഡ്, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ സൗകര്യങ്ങളോടുകൂടിയ വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടുകള്‍, രണ്ട് ഫുട്‌ബോള്‍ സ്റ്റേഡിയം എന്നിവയും ക്രിക്കറ്റ് അക്കാദമിയും സംസ്ഥാന സ്‌പോര്‍ട്‌സ് അക്കാദമിയുടെ സഹകരണത്തോടെയുള്ള വോളിബോള്‍, സ്വിമ്മിംഗ്, അത്‌ലറ്റിക്‌സ് സ്‌പോര്‍ട്‌സ് അക്കാദമികളും ഇന്ന് കോളേജിന് സ്വന്തമാണ്. ജൂണിയര്‍ ഇന്ത്യന്‍ ടീം എക്‌സ്പാനല്‍ഡ് കോച്ച് ഷിബു ഗോപിദാസിന്റെ പരിശീലനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാഡ്മിന്റണ്‍ അക്കാദമിയിലൂടെ സ്‌കൂള്‍തലം മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന-ദേശീയ തലത്തിലുള്ള മത്സരങ്ങളില്‍ പങ്കെടുക്കാനും മികച്ച വിജയം നേടുവാനും സാധിക്കുന്നു.

കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, സംസ്ഥാന ജല വിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാതൃകലാലയം തങ്ങള്‍ക്ക് സമ്മാനിച്ച ഹൃദ്യമായ ഓര്‍മ്മകളോടെയാവും ഒക്ടോബര്‍ 23 ന് വിശിഷ്ടാതിഥികളായി കോളേജിലെത്തുന്നത്.

വനംവകുപ്പ് മുന്‍ മന്ത്രി എന്‍എം. ജോസഫ്, മുന്‍ എംഎല്‍എ വി.ജെ ജോസഫ്, മുന്‍ ഗവര്‍ണര്‍ കെ.എം ചാണ്ടി എന്നിവര്‍ സെന്റ് തോമസിലെ അദ്ധ്യാപകരായിരുന്നു. ആന്റോ ആന്റണി എം.പി, മുന്‍ എം.പി മാരായ ജോയി എബ്രാഹം, ജോയി നടുക്കര, മുന്‍ എം.എല്‍.എ ജോസഫ് വാഴയ്ക്കന്‍, സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന കെ.ജി. ബാലകൃഷ്ണന്‍, ജസ്റ്റിസ് സിറിയക് ജോസ്, മുന്‍ ചീഫ് സെക്രട്ടറിമാരായ കെ.ജെ മാത്യു, ടോം ജോസ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും വൈദ്യതി ബോര്‍ഡ് റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാനുമായ ടി.കെ ജോസ്, സിബി ജോര്‍ജ് ഐഎഫ്എസ്, സക്കീര്‍ തോമസ് ഐആര്‍എസ്, ജ്യോതിസ് മോഹന്‍ ഐആര്‍എസ്, അഗസ്റ്റ്യന്‍ പീറ്റര്‍ ഐഇഎസ്, പ്രസിദ്ധ സാഹിത്യകാരന്‍ സക്കറിയ, ചലച്ചിത്രതാരം മിയ ജോര്‍ജ് എന്നിവരുള്‍പ്പെടെ ശ്രദ്ധേയരായ ഒട്ടേറെ വ്യക്തികള്‍ ഉള്‍പ്പെട്ട പൂര്‍വ്വവിദ്യാര്‍ത്ഥിനിര കൊണ്ടും സെന്റ് തോമസ് കോളേജ് സമ്പന്നമാണ്.

ഒക്ടോബര്‍ 23 ന് വൈകിട്ട് 4.00 മണിക്ക് ബിഷപ് വയലില്‍ ഹാളില്‍ വച്ച് നടക്കുന്ന പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍, പാലാ രൂപതാദ്ധ്യക്ഷനും കോളേജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍, സഹകരണവകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, എം.പി.മാരായ ജോസ് കെ. മാണി, ഫ്രാന്‍സിസ് ജോര്‍ജ്ജ്, മാണി സി. കാപ്പന്‍ എം.എല്‍.എ. പാലാ രൂപതാ മുഖ്യവികാരി ജനറാളും കോളേജ് മാനേജരുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ എന്നിവര്‍ സന്നിഹിതരാകുന്ന സമ്മേളനത്തില്‍ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ വിവിധ വ്യക്തികളും പങ്കെടുക്കും.