Spread the love

ലക്നൗ ∙ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അയാളുടെ സുഹൃത്തും അറസ്റ്റില്‍.അംറോഹയിലെ പിപ്ലൗട്ടി കല ഗ്രാമവാസിയായ മെഹ്‌രാജ് എന്ന കൂലിവേലക്കാരനാണ് കൊല്ലപ്പെട്ടത്.

യുവതി ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം കുട്ടികളോടൊപ്പം മൃതദേഹത്തിനരികിൽ രാത്രി കഴിച്ചുകൂട്ടിയെന്നും തുടർന്ന് മോഷണത്തിന്റെ ഭാഗമായി നടന്ന കൊലപാതകമാണെന്ന് അറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം.

മെഹ്‌രാജിന്റെ ഭാര്യ റൂഹി അവരുടെ സഹോദരീഭർ‌ത്താവിന്റെ ബന്ധു ഫർമാനുമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. ഇവരുടെ പ്രണയം മെഹ്‌രാജ് അറിഞ്ഞതോടെ ശക്തമായി എതിർത്തു. ഇതോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ഇവർ തീരുമാനിക്കുകയായിരുന്നു. മെഹ്‌രാജിന് ഭക്ഷണത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ റൂഹി, തുടർന്ന് ഫർമാനെയും അയാളുടെ സുഹൃത്തായ അദ്‌നാനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി.

ഇരുവരും മെഹ്‌രാജിന്റെ കാലുകൾ കയറുപയോഗിച്ച് കെട്ടിയിട്ട ശേഷം മൂർച്ചയേറിയ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ഈ ക്രൂരകൃത്യത്തിന് ശേഷം, റൂഹി ഭർത്താവിന്റെ മൃതദേഹത്തിനരികിൽ തന്റെ രണ്ട് കുട്ടികളോടൊപ്പം രാത്രി മുഴുവൻ കഴിച്ചുകൂട്ടി. പിറ്റേന്നു രാവിലെ മെഹ്‌രാജിന്റെ പിതാവ് വീട്ടിലെത്തിയപ്പോൾ, വരാന്തയിലെ കട്ടിലിൽ മകൻ മരിച്ചുകിടക്കുന്നതാണ് കണ്ടത്.