Spread the love

മലപ്പുറം: മാസങ്ങളോളം അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തി വന്നയാളുടെ കള്ളത്തരം പൊളിച്ച് നാട്ടുകാർ. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. കോട്ടയം സ്വദേശി ഹംസയാണ് തനിക്ക് കണ്ണ് കാണില്ലെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചത്. എന്നാൽ അന്ധനായി അഭിനയിച്ച് ഭിക്ഷാടനം നടത്തിയ ഹംസയുടെ കള്ളത്തരം നാട്ടുകാർ പൊളിച്ചു.

കറുത്ത കണ്ണട ധരിച്ച്, താൻ അന്ധനാണെന്ന് പറഞ്ഞാണ് ഇയാൾ ആളുകളിൽ നിന്ന് പണം വാങ്ങിയിരുന്നത്. പലരും ഇയാൾക്ക് സഹായം നൽകിയിരുന്നു. എന്നാൽ, ഭിന്നശേഷിക്കാർക്കായുള്ള പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാമെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഹംസ അത് നിരസിക്കുകയായിരുന്നു. ഇതോടെയാണ് ഇയാളെക്കുറിച്ച് സംശയം കൂടി.

ആളൊഴിഞ്ഞ സ്ഥലത്തിരുന്ന് കിട്ടിയ കാശ് എണ്ണുന്നത് നാട്ടുകാർ കണ്ടതോടെ ഹംസയെ കയ്യോടെ പിടികൂടുകയായിരുന്നു. കള്ളത്തരം കയ്യോടെ പിടിച്ചപ്പോൾ ഹംസയ്ക്കും ഒടുവിൽ സമ്മതിക്കേണ്ടി വന്നു. വളാഞ്ചേരിയിൽ രണ്ട് മാസം മുമ്പാണ് ഹംസ ഭിക്ഷാടനത്തിന് എത്തിയത്.