Spread the love

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ലയില്‍ യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ കല്ലുകടി.
യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയായ മുസ്ലിംലീഗിന് അര്‍ഹമായ പ്രാതിനിധ്യം ജില്ലയില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നില്ലായെന്നാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പറയുന്നത്.

ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ജില്ലയില്‍ വേണമെന്നാണ് ലീഗിന്റെ ആവശ്യം. മുണ്ടക്കയം ഡിവിഷന്‍ ആണ് ലീഗ് നോട്ടമിടുന്നത്. ഈ സീറ്റ് പക്ഷേ കോണ്‍ഗ്രസ് വിട്ടുനല്‍കാന്‍ തയാറാവുന്നില്ല. ഈ സീറ്റിലേക്ക് കോണ്‍ഗ്രസ് തങ്ങളുടെ യുവനേതാവിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്.

മുണ്ടക്കയത്തിനു പകരം മറ്റേതെങ്കിലുമൊരു സീറ്റ് നല്‍കാമെന്ന് പറയുമ്പോഴും വിജയസാധ്യത ഇല്ലാത്ത സീറ്റുകള്‍ പകരം നല്‍കി ലീഗിനെ ഒതുക്കാനുള്ള ശ്രമമായി ഇതിനെ ചിത്രീകരിക്കുന്നുണ്ട്.
ഇതോടൊപ്പം ബ്ലോക്ക് ഡിവിഷനുകളിലും വേണ്ടത്ര പ്രാതിനിധ്യം നല്‍കുന്നില്ലായെന്ന് ആക്ഷേപമുണ്ട്. പാറത്തോട് ബ്ലോക്ക് ഡിവിഷന്‍ ലീഗിന് നോട്ടമുണ്ട്. ഇവിടെ കെഎസ്ടിഎ ജില്ലാ പ്രസിഡന്റ് നാസര്‍ മുണ്ടക്കയത്തെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
മുണ്ടക്കയം പഞ്ചായത്തിലും ലീഗിനെ തഴയുന്ന ലക്ഷണമാണ് കാണുന്നത്. പുത്തന്‍ചന്ത, വരിക്കാനി, മൈക്കോളജി എന്നീ സീറ്റുകളാണ് ലീഗ് ചോദിച്ചത്. ഇതു മൂന്നും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇത് വിട്ടുനല്‍കില്ലായെന്നാണ് കോണ്‍ഗ്രസ് നിലപാട്. ലീഗ് പരമ്പരാഗതമായി മത്സരിച്ചുപോരുന്ന രണ്ടാം വാര്‍ഡില്‍ മത്സരിച്ചോയെന്നാണ് കോണ്‍ഗ്രസ് നിലപാട്. ലീഗിന്റെ കൈവശമിരുന്ന രണ്ടാം വാര്‍ഡ് കഴിഞ്ഞതവണ ഇടതുപക്ഷം പിടിച്ചെടുത്തിരുന്നു. ഈ സീറ്റില്‍ ജയസാദ്ധ്യത കുറഞ്ഞതോടെ ലീഗിന് രണ്ടാം വാര്‍ഡില്‍ താല്പര്യമില്ല.

ലീഗുമായുള്ള സീറ്റ് വിഭജനം രമ്യമായി പരിഹരിക്കുകയെന്നാണ് കോണ്‍ഗ്രസ് നേരിടുന്ന ഇപ്പോഴത്തെ വെല്ലുവിളി. കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകളില്‍ യോജിപ്പിലെത്താനായില്ലെങ്കില്‍ ചില സ്ഥലത്ത് സൗഹൃദ മത്സരം വരെ അവര്‍ ആലോചിക്കുന്നുണ്ട്. യുഡിഎഫിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കില്‍ പല തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാപനങ്ങളിലും എല്‍ഡിഎഫ് അധികാരത്തിലെത്താനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് മധ്യകേരളത്തില്‍ ഏറെ ശക്തിയുള്ള കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനോടൊപ്പം അടിയുറച്ചുനില്‍ക്കുന്ന ഘട്ടത്തില്‍.