Spread the love

കൊച്ചി: മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. ഇന്ന് രാവിലെ 11:50 ഓടെ തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കണ്ടനാട്ടെ വീടും പരിസരവും സാക്ഷിയായത് അങ്ങേയറ്റം വൈകാരിക നിമിഷങ്ങൾക്കാണ് . മക്കളായ വിനീതും ധ്യാനും അന്ത്യകർമങ്ങൾ നിർവഹിച്ചു. മൂത്തമകൻ വിനീത് ശ്രീനിവാസൻ ആണ് ചിതയ്ക്ക് തീ കൊളുത്തിയത്.

അതേസമയം എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. അവാസാനമായി പ്രിയ താരത്തെ ഒരു നോക്ക് കാണാൻ കണ്ടനാട്ടെ വീട്ടിലേക്ക് ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.

ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപ്തരിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരാണ് എത്തിച്ചേർന്നത്.