സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്ക്കും സിഎംആർഎല്ലിനും വീണ്ടും കനത്ത പ്രഹരം
എസ്എഫ്ഐഒ കുറ്റപത്രത്തിന്റെ ഭാഗമായുള്ള നിർണായക രേഖകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വിട്ടുകൊടുക്കാൻ കൊച്ചിയിലെ കമ്പനി കാര്യങ്ങൾ കൈകാര്യംചെയ്യുന്ന കോടതി ഉത്തരവിട്ടു. ഇഡി നൽകിയ അപേക്ഷ കോടതി അനുവദിച്ചതോടെ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഏകദേശം 54 വാല്യങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന 134 നിർണായക രേഖകളാണ് ഇഡിക്ക് ലഭിക്കാൻ പോകുന്നത്. എക്സാലോജിക് കമ്പനിയും വീണയും സിഎംആർഎല്ലുമായി ഉണ്ടാക്കിയ കരാറുകൾ, എക്സാലോജിക്കിന്റെയും മറ്റും ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, വീണയുടെ ഐടി റിട്ടേൺസ് എന്നിവയുൾപ്പെടെയുള്ള അതീവ തന്ത്രപ്രധാനമായ രേഖകൾ ഇതിൽ ഉൾപ്പെടുന്നു. ഈ രേഖകൾ നൽകുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് എസ്എഫ്ഐഒ കോടതിയെ അറിയിച്ചിരുന്നു.
വീണയെ നേരിട്ട് ചോദ്യംചെയ്യുന്നതിന് മുന്നോടിയായി പഴുതടച്ച അന്വേഷണ റിപ്പോർട്ട് തയ്യാറാക്കുക എന്നതാണ് ഇഡിയുടെ ലക്ഷ്യം. സമഗ്രമായ തെളിവുകൾ ശേഖരിച്ച ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ ഏജൻസി തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. ഇത്രയും ബൃഹത്തായ രേഖകൾ കൈവശം കിട്ടുന്നതോടെ കേസിൽ കൂടുതൽ വ്യക്തത വരുമെന്ന് ഇഡി പ്രതീക്ഷിക്കുന്നു.
രേഖകൾ ഇഡിക്ക് നൽകുന്നതിനെ സിഎംആർഎൽ കോടതിയിൽ ശക്തമായി എതിർത്തു. എസ്എഫ്ഐഒ റിപ്പോർട്ടിലെ തുടർനടപടികൾ നിലവിൽ സ്റ്റേ ചെയ്തിരിക്കുകയാണെന്നും തങ്ങൾ ഈ അപേക്ഷയിൽ കക്ഷിയല്ലെന്നുമുള്ള വാദങ്ങളാണ് സിഎംആർഎൽ ഉന്നയിച്ചത്.

