Spread the love

കോഴിക്കോട്∙ സംസ്ഥാനത്ത് കനത്ത മഴയെ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.

കാസർകോട്

കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രവചിച്ചിരിക്കുന്നതിനാൽ മുൻകരുതൽ നടപടിയായാണ് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതെന്ന് കലക്ടർ അറിയിച്ചു. പ്രഫഷനൽ കോളജുകൾ, കോളജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/ പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും കലക്ടർ അറിയിച്ചു.

കോഴിക്കോട്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും കനത്ത മഴയെ തുടർന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നും കോഴിക്കോട് ജില്ലയിൽ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നും അപകടങ്ങളും ദുരന്തങ്ങളും ഒഴിവാക്കാനായി ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ,ട്യൂഷൻ സെന്ററുകൾ,പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 09.06.2026 (ചൊവ്വ) അവധി പ്രഖ്യാപിച്ചു. യൂണിവേഴ് സിറ്റി പരീക്ഷകൾ, പിഎസ്‌സി പരീക്ഷകൾ എന്നിവ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം മാറ്റമില്ലാതെ നടക്കുന്നതാണ്. ജില്ലയിലെ അങ്കണവാടികൾക്കും ഈ അവധി ബാധകമാണ്.

അതേസമയം സംസ്ഥാനത്ത് മഴ കനക്കുകയാണ്. മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ടാണ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. മഴയോടൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വയനാട്, മലപ്പുറം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനത്തിനേർപ്പെടുത്തിയ വിലക്ക് വരും ദിവസങ്ങളിലും തുടരും.