പാലക്കാട്: ജില്ലയില്‍ 13 വയസില്‍ താഴെയുള്ള 28 കുട്ടികളുടെ സംശയാസ്പദമായ മരണത്തെക്കുറിച്ച് കേരള ഹൈക്കോടതി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവങ്ങളിലാണ് ഹൈക്കോടതി ഇടപെടല്‍.
പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിര്‍ത്തിയിലുള്ള പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയില്‍ നടന്ന സംശയാസ്പദമായ മരണങ്ങള് അന്വേഷിക്കാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫാ. അഗസ്റ്റിന് വട്ടോളി, അഭിഭാഷകന് പി.വി. ജീവേഷ്, സലില്‍ ലാല്‍ അഹമ്മദ്എന്നിവര് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. കോടതിയുടെ മേല്‍നോട്ടത്തില്‍ കാര്യക്ഷമവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
ഈ കേസുകളിലെ അന്വേഷണം ദുരൂഹമായ കാരണങ്ങളാല്‍ തടസ്സപ്പെട്ടു, തുടക്കത്തില്‍ അവ ആത്മഹത്യകളായി അവസാനിപ്പിച്ചു. നിരവധി പോസ്റ്റ്മോര്‍ട്ടം പരിശോധനാ റിപ്പോര്‍ട്ടുകള്‍ ശാരീരികവും ലൈംഗികവുമായ പീഡനത്തിന് തെളിവുകള്‍ നല്‍കുന്നുണ്ടെന്നും, കൊലപാതകം മറച്ചുവെക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് സംശയമുണ്ടെന്നും പൊതുതാല്പര്യ ഹര്‍ജിയില്‍ പറയുന്നു.

