Spread the love

കോട്ടയം: സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടി അഡ്വ.നോബിൾ മാത്യു മാത്യുവിനെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ് പെൻഡ് ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൻ്റേതാണ് നടപടി.

 

ന്യൂനപക്ഷ മോർച്ച ദേശീയ ഉപാധ്യക്ഷൻ കൂടിയാണ് നോബിൾ മാത്യു.

 

കാഞ്ഞിരപ്പള്ളിയിൽ കേന്ദ്രമന്ത്രി ജോർജ് കുര്യനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെ നോബിൾ മാത്യു കഴിഞ്ഞദിവസം പരസ്യമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

 

പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവരെയും വെള്ളം കോരുന്നവരെയും വിറക് വെട്ടുന്നവരെയും പുറത്തുനിർത്തിയുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത് എന്ന് നോബിൾ മാത്യു ആരോപിച്ചു. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ബിജെപിക്കുള്ളിൽ ഗ്രൂപ്പ് പോരും വീതം വെയ്‌പ്പുമാണ് നടന്നത്.

 

സുരേന്ദ്രൻ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും തമ്മിലുള്ള വീതം വെയ്പ്പിന് പുറമെ രാജീവ് ചന്ദ്രശേഖറിൻ്റെ താൽപ്പര്യങ്ങളും ഇതിൽ പ്രതിഫലിച്ചുവെന്നും നോബിൾ മാത്യു പറഞ്ഞു.

 

11 വർഷമായി ബിജെപി പ്രവർത്തകനായ തനിക്ക് കാഞ്ഞിരപ്പള്ളിയിൽ കുടുംബപരമായി സ്വാധീനമുണ്ടെന്നും മണ്ഡലവുമായി ബന്ധമില്ലാത്തയാളെയാണ് ഇവിടെ സ്ഥാനാർത്ഥി ആക്കിയതെന്നും നോബിൾ മാത്യു മാത്യു ആരോപിച്ചിരുന്നു.

 

ജോർജ്ജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ 2,000 വോട്ടുകൾ പോലും ലഭിക്കില്ല, ഭൂരിപക്ഷം ലഭിക്കുന്ന സീറ്റ് വേണമായിരുന്നു അദ്ദേഹമെന്നും നോബിൾ മാത്യു പറഞ്ഞിരുന്നു.