Spread the love

വിറകു വെട്ടിയവര്‍ക്കും വെള്ളം കോരിയവര്‍ക്കും അംഗീകാരമില്ല, വരത്തര്‍ക്ക് സീറ്റ്, കോട്ടയത്ത് ബിജെപിയില്‍ കലാപം

വെള്ളം കോരുന്നവരും വിറക് വെട്ടുന്നവരും പുറത്തു നില്‍ക്കുന്നു എന്നും ജോര്‍ജ് കുര്യന് 20,000 വോട്ടുപോലും കിട്ടില്ലെന്നും ആരോപിച്ച് ബിജെപി കോട്ടയം ജില്ലാ മുന്‍ പ്രസിഡന്റും ബിജെപി നേതാവുമായ നോബിള്‍ മാത്യു. താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നിട്ടു പതിനൊന്നു വര്‍ഷമായി. തനിക്കു ഇക്കുറി കാഞ്ഞിരപ്പള്ളിയില്‍ ജയിക്കാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നു. എന്നാല്‍, കാഞ്ഞിരപ്പള്ളിയുമായി ഒരു ബന്ധവും ഇല്ലാത്ത ജോര്‍ജ് കുര്യന്‍ അവിടെ വന്നു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ സ്വന്തം വാര്‍ഡില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്ന സ്ഥാനാര്‍ഥിക്ക് ് വെറും 80 വോട്ട് മാത്രമാണു ലഭിച്ചത്. പരസ്യപ്രതികരണത്തിന് പിന്നാലെ സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അഡ്വ. നോബിള്‍ മാത്യുവിനെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സസ്‌പെന്റ് ചെയ്തു.

കഷ്ടപ്പെട്ട് വെള്ളം കോരുകയും വിറക് വെട്ടുകയും ചെയ്യുന്നവരെ ഒഴിവാക്കുന്ന ഈ രാഷ്ട്രീയത്തോട് തങ്ങള്‍ എതിരാണ്. കോര്‍കമ്മറ്റി അംഗങ്ങള്‍ അവരുടെ സ്വന്തംസീറ്റുകള്‍ എല്ലാം എടുത്തു. അതില്‍ തന്നെ ഗ്രൂപ്പുണ്ട്. സുരേന്ദ്രന്‍ ഗ്രൂപ്പും കൃഷ്ണദാസ് ഗ്രൂപ്പും വീതം വയ്ക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഇഷ്ടക്കാരായ കുറേ പേരുണ്ട്. അവര്‍ എല്ലാം സേഫായി. തന്റെ തുടര്‍ന്നുള്ള സമീപനം സുഹൃത്തൃക്കളുമായി ചേര്‍ന്ന് ആലോചിക്കുമെന്നും നോബിള്‍ മാത്യു പറയുന്നു.

എന്നാല്‍ ചിറക്കടവ്, പള്ളിക്കത്തോട്, വാഴൂര്‍, കറുകച്ചാല്‍ പഞ്ചായത്തുകളില്‍ ബി.ജെ.പിയ്ക്കു ശക്തമായ സ്വാധീനമുണ്ട്. മാത്രമല്ല, മണ്ഡലത്തിലെ ക്രൈസ്തവ ഭൂരിപക്ഷ മേഖലയിലും വിള്ളല്‍ വീഴ്ത്താനും ജോര്‍ജ് കുര്യനു കരുതുമെന്നു നേതൃത്വം കരുതുന്നു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. മണ്ഡലത്തില്‍ 31411 വോട്ടും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 36000 വോട്ടും നേടിയിരുന്നു.

അതേ സമയം പി.സി ജോര്‍ജിനും മകനും സീറ്റ് നല്‍കുകയും പരമ്പരാഗത പ്രവര്‍ത്തകരെയും നേതാക്കളെയും ഒഴിവാക്കിയതിലും ബിജെപിയില്‍ പ്രതിഷേധം ഉയര്‍ന്നു. പല നേതാക്കളും വിട്ടു നില്‍ക്കുകയാണ്. പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരെ ഒഴിവാക്കി പകരം വരത്തര്‍ക്ക് സീറ്റു നല്‍കി എന്ന വികാരമാണ് ഉളളത്.