Spread the love

ശബരിമല സ്വര്‍ണത്തട്ടിപ്പു കേസില്‍ എന്‍.വാസു അറസ്റ്റിലായതോടെ സോഷ്യല്‍ മീഡിയയിലും ചാനല്‍ കമന്റ്‌ബോക്‌സുകളിലും പഴയകാലത്തെക്കുറിച്ചുളള പോസ്റ്റുകളാണ്. പ്രമുഖ ചാനലിന്റെ യുട്യൂബ് കമന്റായി വാസുവിന്റെ ഇന്നലെകള്‍ മുഴുവന്‍ തന്നെ കുറിച്ചു. അതിനു പിന്നാലെ പ്രധാന ദിനപത്രങ്ങളും അത് വാര്‍ത്തയാക്കി.

അഴിമതിക്കാരായ സര്‍ക്കാര്‍ ജീവനക്കാരെ കണ്ടെത്തി വകുപ്പുതല നടപടി ശുപാര്‍ശ ചെയ്യുന്ന വിജിലന്‍സ് ട്രൈബ്യൂണല്‍ ജഡ്ജിയായിരുന്നു. പാര്‍ട്ടി കുടുംബമായിരുന്നു വാസുവിന്റേത്. പാര്‍ട്ടി ഭരണത്തില്‍ വരുമ്പോഴെല്ലാം വാസുവിനെ സംരക്ഷിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫായും, ദേവസ്വം ബോര്‍ഡ് അധ്യക്ഷനായും വിലസി. വിജിലന്‍സ് ജഡ്ജിയായിരിക്കെ നടത്തിയ ഇടപാടുകള്‍ അന്വേഷിക്കണമെന്നുവരെ സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.രണ്ടു തവണ തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ സ്ഥാനത്തെത്തുകയും ആ സ്ഥാനത്തുനിന്ന് ബോര്‍ഡ് പ്രസിഡന്റാവുകയും ചെയ്തത് സിപിഎമ്മിന്റെ അതിവിശ്വസ്തനായ വാസു മാത്രം. ദേവസ്വം കമ്മിഷണറായിരിക്കുമ്പോഴും പാര്‍ട്ടിയുടെ താല്‍പര്യമനുസരിച്ച് ബോര്‍ഡിലെയും ശബരിമലയിലെയും എല്ലാക്കാര്യങ്ങളും നിയന്ത്രിച്ചിരുന്നതും വാസു തന്നെ.

കൊല്ലം കുളക്കട സ്വദേശിയാണു വാസു കുളക്കട പഞ്ചായത്തില്‍ രണ്ടു തവണയാണ് വാസു സിപിഎമ്മിന്റെ പഞ്ചായത്ത് പ്രസിഡന്റായത്. 27-ാം വയസ്സിലാണ് പാര്‍ട്ടി അദ്ദേഹത്തെ ആദ്യം ആ സ്ഥാനത്തെത്തിച്ചത്. രണ്ടാം ടേം പഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് അഭിഭാഷകനായ വാസു വിജിലന്‍സ് ട്രൈബ്യൂണല്‍ ജഡ്ജിയായത്. വിരമിച്ച ശേഷം വാസുവിനെ, വിഎസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന പി.കെ.ഗുരുദാസന്റെ അഡിഷനല്‍ പ്രൈവറ്റ് സെക്രട്ടറിയാക്കി. ആ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കും മുന്‍പേ അടുത്ത പദവിയില്‍. തിരുവിതാംകൂര്‍ ദേവസ്വം കമ്മിഷണര്‍. 2010 ലും 18 ലും രണ്ടു തവണ. മൂന്നാംവട്ടം കാത്തിരിക്കുമ്പോഴാണ് അറസ്റ്റ്.

ഈയൊരു വര്‍ഷത്തിലാണ് അറസ്റ്റിലേക്കു നയിച്ച സ്വര്‍ണക്കൊള്ളയ്ക്ക് ശബരിമലയില്‍ കളമൊരുങ്ങിയത്. സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള ശബരിമല യുവതീപ്രവേശ നീക്കവും സംഘര്‍ഷങ്ങളും പ്രതിഷേധങ്ങളും അരങ്ങേറുമ്പോഴും കമ്മിഷണര്‍ വാസുവായിരുന്നു.യുവതീപ്രവേശവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സര്‍ക്കാരിന്റെ താല്‍പര്യം നടപ്പാക്കാനായി സുപ്രീംകോടതിയില്‍ ബോര്‍ഡിന്റെ നിയമ നടപടികളടക്കം നിയന്ത്രിച്ചതും വാസു തന്നെ.