വിരട്ടിയാല്‍ വിരളുന്നവരല്ല സഭാനേതൃത്വം. രാഷ്ട്രീയപാര്‍ട്ടികളുടെ ചരടില്‍ സമുദായങ്ങളെ കെട്ടിയിടാമെന്ന് ആരും വ്യാമോഹിക്കേണ്ട.: ബിഷപ്പുമാരെ അധിക്ഷേപിച്ച പിസി ജോർജിനെതിരെ കെസിബിസി മദൃവിരുദ്ധ സമിതി സെക്രട്ടറി പ്രസാദ് കുരുവിള
പാലാ: എഫ്.സി.ആര്‍. ഭേദഗതി ബില്ലിലെ വിവാദ വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്‍മാരുടെ പ്രതികരണങ്ങള്‍ക്കെതിരെ ചില രാഷ്ട്രീയ നേതാക്കളില്‍ നിന്നുയരുന്ന അപസ്വരങ്ങള്‍ അപക്വവും നീതിക്ക് നിരക്കാത്തതുമാണെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി വക്താവും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള കുറ്റപ്പെടുത്തി.
ക്രിസ്ത്യാനിയുടെ ‘പേറ്റന്റ്’ (കുത്തകാവകാശം) ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഏറ്റെടുക്കണ്ട. സഭാപിതാക്കന്‍മാരുടെ ആശങ്കകള്‍ക്കെതിരെ വെല്ലുവിളിച്ച് പ്രതികരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ഒരു കാര്യം ഓര്‍മ്മിക്കുന്നത് ഉചിതമായിരിക്കും സമുദായ നേതാക്കളോ, ബിഷപ്പുമാരോ നിങ്ങളുടെ ആരുടെയും അടിമകളല്ലെന്നുള്ളത്.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അരമനകള്‍ കയറിയിറങ്ങുകയും, തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ‘പാലം കടക്കുവോളം നാരായണ പാലം കടന്നുകഴിഞ്ഞാല്‍ കൂരായണ’, പ്രതിഭാസം ഇവിടെ വിലപ്പോവില്ല. വിരട്ടിയാല്‍ വിരളുന്നവരല്ല സഭാനേതൃത്വം. രാഷ്ട്രീയപാര്‍ട്ടികളുടെ ചരടില്‍ സമുദായങ്ങളെ കെട്ടിയിടാമെന്ന് ആരും വ്യാമോഹിക്കേണ്ട. ആരും തലമറന്ന് എണ്ണ തേക്കരുത്.
ഒരു രാഷ്ട്രീയക്കാരനും ക്രിസ്ത്യാനിയെ ചുമക്കണ്ട. രണ്ടരശതമാനം വരുന്ന ക്രിസ്ത്യാനികളാണ് ഈ രാജ്യത്ത് ആതുരാലയങ്ങളും വിദ്യാകേന്ദ്രങ്ങളും നിര്‍മ്മിച്ച് ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിച്ചതെന്ന കാര്യം രാഷ്ട്രീയ നേതാക്കള്‍ വിസ്മരിക്കരുത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ക്രൈസ്തവ സഭകളുടെ മുഖമുദ്രയാണ്.
എഫ്.സി.ആര്‍. വിഷയത്തില്‍ ബിഷപ്പുമാരുടെ ആശങ്കയില്‍ സഭാമക്കളുടെ സമ്പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നുവെന്ന് അദ്ദേഹം വൃക്തമാക്കി.
കഴിഞ്ഞ ദിവസമാണ് എഫ്സിഐ ഭേദഗതിക്കെതിരെ പ്രതികരിച്ച ബിഷപ്പുമാരെ പിസി ജോർജ് അധിക്ഷേപിച്ചത്. ബിഷപ്പുമാർക്ക് തലക്ക് സുഖമില്ല.അവർ ഊളത്തരം പറഞ്ഞ് നടക്കുന്നുവെന്നാണ് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയായ പിസി ജോർജ് പറഞ്ഞത്.
ഒരു സ്വകാരൃ വാർത്താ ചാനലിനോടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.ഇവിടെ ചില പിതാക്കന്മാർ കോൺഗ്രസ് വരണമെന്നും കോൺഗ്രസ് ഇല്ലെങ്കിൽ പ്രളയം എന്നും കരുതുന്നവരുണ്ട്.ഞാനിതൊന്നും മൈൻഡ് ചെയ്യുന്നില്ല.
മെത്രാന്മാർ പറയുന്നിടത്തോളം വോട്ടുകൾ ക്രിസ്ത്യാനികൾ ചെയ്താൽ എങ്ങനെയാണ് പിണറായി വിജയന് ഇവിടെ ഭരിക്കാൻ സാധിച്ചത് എന്ന് പിസി ജോർജ് ചോദിച്ചു.ക്രിസ്ത്യാനികളും മെത്രാന്മാരെ മൈൻഡ് ചെയ്യുന്നില്ല.അങ്ങനെ എന്ത് ഊളത്തരവും പറഞ്ഞു നടക്കുന്ന കുറെ പിതാക്കന്മാർ ഉണ്ട്.ബിജെപി എന്ന് കേട്ടാൽ ഹാലിളകുന്നവരാണ് അവർ.അവർക്കൊന്നും തലയ്ക്ക് സ്ഥിരമില്ല എന്നാണ് തൻറെ അഭിപ്രായം എന്നും പിസി ജോർജ് പറഞ്ഞു.
ക്രിസ്ത്യാനികളെ അടച്ചാക്ഷേപിക്കുന്ന അഭിപ്രായവും അദ്ദേഹത്തിൻറെ ഭാഗത്തുനിന്നുണ്ടായി.ക്രിസ്ത്യാനി എന്ന് പറഞ്ഞ് ഇവിടെ കിടന്ന് ചാടുന്നവന്മാർ ഭാരതത്തിൽ രണ്ട് ശതമാനമേ ഉള്ളുവെന്നും ബിജെപിയുടെ മാന്യത കൊണ്ടാണ് അവരെ ചുമന്നുകൊണ്ട് നടക്കുന്നത് എന്നുമായിരുന്നു പിസി ജോർജ് പറഞ്ഞത്.അതേസമയം എഫ്സിഐ ഭേദഗതിക്കെതിരെ സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ, പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ,ഓർത്തഡോക്സ് സഭാതലവൻ ബസേലിയസ് കാതോലിക്കാ ബാവ എന്നിവർ കേന്ദ്രസർക്കാരിനെ നിശിതമായി വിമർശിച്ചതാണ് ജോർജിനെ പ്രകോപിതനാക്കിയത്. പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർത്ഥിയായ പിസി ജോർജിന്റെ പ്രസ്താവനക്കെതിരെ വിവിധ ക്രൈസ്തവ വിഭാഗങ്ങൾ കടുത്ത പ്രതിഷേധത്തിലാണ്.

