ചന്ദ്രനിൽ മനുഷ്യൻ കാലുകുത്തി അരനൂറ്റാണ്ട് കഴിഞ്ഞപ്പോൾ, അവിടെ താവളം സ്ഥാപിക്കാനുള്ള ദൗത്യത്തിനു തുടക്കം. ഇതിനു മുന്നോടിയായുള്ള രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം തുടങ്ങി. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് യാത്രക്കാർ. 56 ലക്ഷം മനുഷ്യരുടെ പേരടങ്ങിയ മെമ്മറി കാർഡ് ഘടിപ്പിച്ച റൈസ് എന്ന ചെറുപാവയും സംഘത്തോടൊപ്പമുണ്ട്.
നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിൽ ഇന്ത്യൻസമയം പുലർച്ചെ 4.04ന് കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് പാഡിൽ നിന്നായിരുന്നു വിക്ഷേപണം. എട്ടു മിനിറ്റിനുള്ളിൽ ഒറിയോൺ പേടകം റോക്കറ്റിൽ നിന്ന് വേർപെട്ടു. ഒരുദിവസം കഴിഞ്ഞേ ഭൂമിയുടെ ഭ്രമണപഥം വിടുകയുള്ളൂ. നാലു ദിവസത്തിനുശേഷം ചന്ദ്രന്റെ പരിസരത്ത് എത്തും. ചന്ദ്രനെ വലംവച്ചുകൊണ്ടുള്ള പരീക്ഷണങ്ങൾക്കുശേഷം പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും.
ആർട്ടെമിസ് 2 ദൗത്യത്തിൽ ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തിയായിരിക്കും 2027ൽ ഓറിയോൺ പേടകത്തെ ഭൂമിയുടെ ലോഏർത്ത് ഓർബിറ്റിൽ വച്ച് ലൂണാർ ലാൻഡറുമായി ബന്ധിപ്പിക്കുന്ന പരീക്ഷണം നടത്തുക. പിന്നീട് ഈ ലാൻഡറിന്റെ സഹായത്തോടെയാണ് പേടകം ചന്ദ്രനിലേക്ക് ഇറങ്ങുക. 2028ൽ ആർട്ടെമിസ് 4 എന്ന ദൗത്യത്തിലൂടെയായിരിക്കും ചന്ദ്രനിൽ താവളം സ്ഥാപിക്കാൻ യാത്രികർ അവിടെ ഇറങ്ങുക.

