ഇളയ മകന്റെ രോഗം മാറാനായി മന്ത്രവാദിനിയുടെ നിർദ്ദേശപ്രകാരം പതിമൂന്ന് വയസ്സുകാരിയെ സ്വന്തം അമ്മ ബലി നൽകി. ജാർഖണ്ഡിലെ ഹസാരീബാഗ് കുസുംഭ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ സ്വന്തം പെൺകുട്ടിയുടെ അമ്മ രശ്മി ദേവി, മന്ത്രവാദിനി ശാന്തി ദേവി, സഹായി ഭീം റാം എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മകന്റെ രോഗം ഭേദമാകാൻ ഒരു കന്യകയെ ബലി നൽകണമെന്ന് മന്ത്രവാദിനി രശ്മി ദേവിയെ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് മാർച്ച് 24-ന് രശ്മി ദേവിയും സഹായി ഭീം റാമും ചേർന്ന് സ്വന്തം മകളെ തന്നെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ പാടത്ത് കുഴിച്ചുമൂടുകയും ചെയ്തു. അന്വേഷണം വഴിതിരിച്ചുവിടാനായി പെൺകുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വരുത്തിതീർക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർത്തിന്റെയും ഫോറൻസിക് പരിശോധനയുടെയും ഫലം പുറത്ത് വന്നതോടെ ആണ് ഇത് തെറ്റാണെന്ന് തെളിഞ്ഞു. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സത്യങ്ങൾ പുറത്ത് വരുന്നത്. കൊലപാതകത്തിനു ശേഷം കുറ്റവാളികൾ പെൺകുട്ടിയുടെ ശരീരത്തിൽ മാരകമായി മുറിവേൽപ്പിക്കുകയും രക്തം ശേഖരിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം ഒരു തോട്ടത്തിൽ കുഴിച്ചിട്ടു.

