ഇ.ഡിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ സഖാവിന്റെ വീട് സന്ദര്‍ശിച്ച ഫോട്ടോ പങ്കുവച്ച് വി. ശിവന്‍കുട്ടി; ഫേസ്ബുക്ക് കുറിപ്പിന് താഴെ കടുത്ത വിമര്‍ശനങ്ങൾ!.
തിരുവനന്തപുരം: ഇ.ഡിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായ സഖാവിന്റെ വീട് സന്ദര്‍ശിച്ച ഫോട്ടോ പങ്കുവച്ച് വി. ശിവന്‍കുട്ടി; ഫേസ്ബുക്ക് കുറിപ്പിന് താഴെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. ജയിലില്‍ കഴിയുന്ന പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുന്നതിനായി അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ സ്വന്തം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടതോടെയാണ് സോഷ്യല്‍ മീഡിയയില്‍ സിപിഎം നേതൃത്വത്തിനെതിരെ കടുത്ത ജനരോഷവും വിമര്‍ശനങ്ങളും ഉയര്‍ന്നത്. വി. ശിവന്‍കുട്ടി പങ്കുവെച്ച ചിത്രങ്ങളിലെ ഒരു സഖാവിന്റെ വീടിന്റെ അങ്ങേയറ്റം ദയനീയവും ശോചനീയവുമായ അവസ്ഥയാണ് ഇപ്പോള്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ആര്‍ക്കു വേണ്ടിയാണോ ഈ അണികള്‍ തെരുവിലിറങ്ങി കടുത്ത അക്രമം നടത്തിയത്, ആ നേതാക്കളും അവരുടെ മക്കളും വന്‍കിട സൗകര്യങ്ങളോടെ എസി റൂമുകളിലും എസി കാറുകളിലും സുഖലോലുപതയില്‍ ജീവിക്കുമ്പോള്‍, പാര്‍ട്ടിക്ക് വേണ്ടി കേസുകളില്‍ പെടുന്ന സാധാരണ അണികളുടെ ജീവിതം എത്രത്തോളം ദരിദ്രവും കഷ്ടപ്പാടുകള്‍ നിറഞ്ഞതുമാണെന്നതിന്റെ നേര്‍ചിത്രമാണ് ഈ ഫോട്ടോകള്‍ വെളിപ്പെടുത്തുന്നത്. രാഷ്ട്രീയ നേതൃത്വത്തിന്റെ വാക്കുകള്‍ വിശ്വസിച്ച് അക്രമത്തിനിറങ്ങിത്തിരിക്കുന്ന അണികള്‍ക്കൊടുവില്‍ ലഭിക്കുന്നത് ജയില്‍വാസവും ദുരിതപൂര്‍ണ്ണമായ ജീവിതവുമാണെന്ന യാഥാര്‍ത്ഥ്യം സോഷ്യല്‍ മീഡിയയിലെ കമന്റുകളിലൂടെ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച സിപിഎം ‘രാജാവ്’ സ്വന്തം പാര്‍ട്ടി സഖാക്കളുടെയെങ്കിലും യഥാര്‍ത്ഥ ജീവിതാവസ്ഥ ഒന്നു പരിശോധിക്കണമായിരുന്നുവെന്ന് പൊതുജനം പരിഹസിക്കുന്നുണ്ട്.

ശിവൻകുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇ.ഡി പ്രതിഷേധവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ വീടുകളിൽ പോലീസ് നടത്തുന്ന അക്രമ നടപടികളും ഭീഷണിപ്പെടുത്തലും അടിയന്തരമായി അവസാനിപ്പിക്കണം. ഇ.ഡി.യെ രാഷ്ട്രീയ ആയുധമാക്കി എൽ.ഡി.എഫ് നേതൃത്വത്തെ വേട്ടയാടുന്നതിനെതിരെ പ്രതിഷേധിച്ചവരുടെ കുടുംബങ്ങളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. നിലവിൽ റിമാൻഡിൽ ജയിലിൽ കഴിയുന്നവരുടെ വീടുകൾ ഇന്ന് സന്ദർശിച്ചു.
കുടുംബാംഗങ്ങളെ പോലീസ് ഭീഷണിപ്പെടുത്തുകയും ആശങ്കയുടെ മുൾമുനയിൽ നിർത്തുകയുമാണ്.
ഇതിന് പുറമെ, പ്രതി ചേർക്കപ്പെട്ടവർ ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ പോലീസ് എത്തി ഭീതി പരത്തുകയും അവരുടെ തൊഴിൽ സാഹചര്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. നിരപരാധികളായ കുടുംബാംഗങ്ങളെയും ജോലി ചെയ്യുന്നവരെയും ഇത്തരത്തിൽ ദ്രോഹിക്കുന്നത് അംഗീകരിക്കാനാവില്ല. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് പോലീസ് ശ്രമിക്കുന്നത്. പ്രതിഷേധിച്ചവർക്കെതിരെ നിയമവിരുദ്ധ നടപടികൾ തുടരുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ്.
നിയമവിരുദ്ധമായ ഈ പോലീസ് അതിക്രമങ്ങൾ സർക്കാർ അടിയന്തരമായി അവസാനിപ്പിക്കണം. പ്രതിഷേധിച്ചവരെയും അവരുടെ കുടുംബങ്ങളെയും വേട്ടയാടുന്ന നടപടികളിൽ നിന്ന് പോലീസ് പിന്തിരിയണം.

