നെടുമങ്ങാട്: അഖിലയുടെ കുഞ്ഞ് തന്റെ ജീവിതത്തിൽ ബാധ്യതയാകുമെന്ന് കരുതിയാണ് ഒന്നരവയസ്സുകാരൻ അർഷിതിനെ കൊല്ലാൻ തീരുമാനിച്ചതെന്ന് രണ്ടാനച്ഛൻ അഷ്കർ. മൂന്നുമാസത്തെ നിരന്തര പീഡനത്തിലൊടുവിലാണ് കുഞ്ഞ് മരിച്ചത്. തല ഭിത്തിയിൽ ഇടിപ്പിച്ചും കാലിൽ തീവച്ച് പൊള്ളിച്ചും നെഞ്ചിൽ ചവിട്ടിയും ഒന്നര വയസ്സുകാരൻ അർഷിദിനെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്ന് അഷ്കറിന്റെ കുറ്റസമ്മതം.
അതേസമയം അഷ്കർ കുഞ്ഞിനെ മർദിക്കുന്ന വിവരം തനിക്ക് അറിയാമായിരുന്നെന്ന് അമ്മ അഖില ചന്ദ്രനും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കുഞ്ഞിന്റെ കരച്ചിൽ പുറത്തുകേൾക്കാതിരിക്കാനായി വായിൽ തുണി തിരുകിയാണ് ഉപദ്രവിച്ചിരുന്നത്. ശനിയാഴ്ച അഖില വീട്ടിലുണ്ടായിരുന്നില്ല. ഈ സമയത്ത് കുഞ്ഞ് കരഞ്ഞപ്പോൾ തലയിൽ അടിക്കുകയായിരുന്നു. ബോധമില്ലാതായതോടെ അർഷിതിന്റെ ജീവൻ നഷ്ടമായെന്ന് ഉറപ്പിച്ചു. പിന്നീട് ചോറ് തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വീടും പരിസരവും വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചശേഷമാണ് ആശുപത്രിയിലേക്ക് പോയത്.
കോടതിയിൽ ഹാജരാക്കിയ 2 പ്രതികളെയും റിമാൻഡ് ചെയ്തു. പ്രതികൾ ഒന്നിച്ചു താമസിച്ചിരുന്ന പനവൂർ കരിക്കുഴിയിലെ വാടകവീട്ടിലേക്ക് പൊലീസ് ഇന്നലെ അഷ്കറിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ വൻ ജനരോഷമുണ്ടായി.

