മട്ടന്നൂർ: സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ശങ്കര വിദ്യാപീഠം സ്കൂൾ അധ്യാപിക മുണ്ടോറപ്പൊയിൽ സ്വദേശിനി റീഷ (36) യാണ് മരിച്ചത്.
ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് സുധീഷ് കുമാറിന് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
തിങ്കളാഴ്ച രാവിലെ 9.15-ഓടെ മട്ടന്നൂർ തലശ്ശേരി റോഡിലായിരുന്നു ദാരുണമായ അപകടം നടന്നത്. ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നിൽ സ്വകാര്യ ബസ് ഇടിക്കുകയും ഇരുവരും റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.

