Spread the love

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് 3-2ന് തോറ്റതിന് പിന്നാലെ, മത്സര നിയന്ത്രണം നടത്തിയ റഫറിമാരെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഈജിപ്ത് ഫുട്‌ബോള്‍ ഫെഡറേഷന്‍ ഫിഫയ്ക്ക് പരാതി നല്‍കി. ഫ്രഞ്ച് റഫറി ഫ്രാങ്കോയിസ് ലെറ്റെക്‌സെയറുടെ ഭാഗത്തുനിന്ന് കടുത്ത പിഴവുകളും ഇരട്ടത്താപ്പും ഉണ്ടായതായി ഈജിപ്ത് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ഹാനി അബുരിദ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.

 

തങ്ങളുടെ തോല്‍വിക്കും ലോകകപ്പില്‍ നിന്നുള്ള പുറത്താകലിനും കാരണം റഫറിയുടെ ഗുരുതരമായ തെറ്റുകളാണെന്നും ഫെഡറേഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

 

മത്സരത്തില്‍ ഈജിപ്റ്റിനെതിരെ വിവേചനപരമായ സമീപനമാണ് റഫറിയുടെയും വാര്‍ (VAR) ഒഫീഷ്യലുകളുടെയും ഭാഗത്തുനിന്ന് ഉണ്ടായതെന്നും, ഇതിനെതിരെ സമഗ്രമായ അന്വേഷണം വേണമെന്നും ഹാനി അബുരിദ ആവശ്യപ്പെട്ടു. മത്സരത്തില്‍ ഈജിപ്ത് 1-0 ന് മുന്നില്‍ നില്‍ക്കെ മുസ്തഫ സിക്കോയുടെ ഒരു ഗോള്‍ വാര്‍ പരിശോധനയിലൂടെ റഫറി റദ്ദാക്കിയിരുന്നു. പിന്നീട് അര്‍ജന്റീന സമനില പിടിക്കുകയും, തുടര്‍ന്ന് എന്‍സോ ഫെര്‍ണാണ്ടസ് വിജയഗോള്‍ നേടുകയും ചെയ്തു. എന്നാല്‍ ഈ വിജയഗോളിന് തൊട്ടുമുമ്പ് തങ്ങളുടെ താരമായ ഹംദി ഫത്തിയെ അലക്‌സിസ് മാക് അലിസ്റ്റര്‍ ഫൗള്‍ ചെയ്തതിന് തങ്ങള്‍ക്ക് പെനാല്‍റ്റി ലഭിക്കേണ്ടിയിരുന്നതാണെന്ന് ഈജിപ്ത് വാദിക്കുന്നു.

 

മത്സരത്തിന് ശേഷം സംസാരിച്ച ഈജിപ്ത് പരിശീലകന്‍ ഹൊസ്സാം ഹസ്സന്‍ റഫറിക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തി. ലോകചാമ്പ്യന്‍മാരെയും ലയണല്‍ മെസ്സിയെയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്താന്‍ ബാഹ്യമായ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും തങ്ങള്‍ അനീതിയാണ് നേരിട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.