Spread the love

അഹാന കൃഷ്ണയുടെ വിവാഹാഘോഷങ്ങളിലെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ശ്രദ്ധ നേടുകയാണ്. വിവാഹച്ചടങ്ങുകളിലെ സംഗീതിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് അഹാനയുടെ സഹോദരി ദിയ കൃഷ്ണയാണ്.

കുടുംബാംഗങ്ങളെല്ലാം ചേർന്ന് വേദിയിൽ നൃത്തം ചെയ്തെങ്കിലും ദിയയുടെ ചുവടുകളും വേഷവും പ്രകടനത്തിലെ ഊർജവുമാണ് ആരാധകരുടെ പ്രത്യേക ശ്രദ്ധ നേടിയത്. നിരവധി പേരാണ് കമന്റ് ബോക്സിലൂടെ ദിയയെ അഭിനന്ദിച്ചത്.

ഇപ്പോഴിതാ തനിക്ക് ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചിരിക്കുകയാണ് ദിയ. പ്രസവശേഷം ശരീരത്തിലുണ്ടായ മാറ്റങ്ങൾക്കിടയിൽ തന്റെ നൃത്തത്തെ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നുവെന്നും എന്നാൽ ലഭിച്ച പ്രതികരണം ഏറെ സന്തോഷിപ്പിച്ചുവെന്നും ദിയ സമൂഹമാധ്യമത്തിൽ കുറിച്ചു.

പ്രസവശേഷമുള്ള പുതിയ ശരീരവുമായി വീണ്ടും വേദിയിലെത്തിയപ്പോൾ ഇത്രയധികം സ്നേഹവും പിന്തുണയും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ദിയ പറഞ്ഞത്. ആരാധകരുടെ പ്രതികരണങ്ങൾ വായിക്കുമ്പോൾ ഏറെ സന്തോഷം തോന്നുന്നുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും അവർ വ്യക്തമാക്കി.

അഹാനയ്ക്കും ദിയയ്ക്കുമൊപ്പം മാതാപിതാക്കളായ കൃഷ്ണകുമാറും സിന്ധു കൃഷ്ണയും സഹോദരിമാരായ ഇഷാനിയും ഹൻസികയും കുടുംബത്തിലെ മറ്റ് അംഗങ്ങളും സംഗീതിൽ നൃത്തത്തിൽ പങ്കുചേർന്നു. എന്നാൽ പരിപാടിയിലെ ദിയയുടെ പ്രകടനമാണ് സമൂഹമാധ്യമങ്ങളിൽ കൂടുതൽ ചർച്ചയായത്.

പ്രസവശേഷവും ആത്മവിശ്വാസത്തോടെ വേദിയിൽ പ്രകടനം നടത്തിയ ദിയയെ അഭിനന്ദിച്ചുകൊണ്ടുള്ള നിരവധി പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.