കൊച്ചി : നടി കിരൺ റാത്തോഡ് അവതരിപ്പിച്ച പുതിയ വിഐപി മെംബർഷിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. 99,999 രൂപയാണ് വാർഷിക മെംബർഷിപ്പിനായി ഈടാക്കുന്നതെന്നാണ് വിവരം. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.
‘പ്രൈവറ്റ് വേൾഡ്’ എന്ന പ്ലാറ്റ്ഫോമിലേക്കുള്ള മെംബർഷിപ്പാണ് നടി അവതരിപ്പിച്ചത്. അംഗങ്ങൾക്ക് കിരൺ റാത്തോഡുമായി സ്വകാര്യ ചാറ്റ്, വീഡിയോ കോൾ, പ്രത്യേക ഉള്ളടക്കങ്ങൾ, പ്രൈവറ്റ് ഗ്രൂപ്പിലെ പ്രവേശനം തുടങ്ങിയ സൗകര്യങ്ങൾ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. ഉയർന്ന നിരക്കിലുള്ള ഇത്തരം സബ്സ്ക്രിപ്ഷൻ സംവിധാനങ്ങൾക്ക് നിയന്ത്രണം വേണമെന്ന അഭിപ്രായവുമായി ചിലർ രംഗത്തെത്തി. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലെ പണമടച്ചുള്ള സ്വകാര്യ ഉള്ളടക്ക സംവിധാനങ്ങളെക്കുറിച്ചും ചർച്ചകൾ ഉയർന്നു.
അതേസമയം, കിരൺ റാത്തോഡിനെ പിന്തുണച്ചും നിരവധി പേർ പ്രതികരിച്ചു. താരം നൽകുന്ന ഉള്ളടക്കത്തെക്കാൾ അതിനായി നിശ്ചയിച്ചിരിക്കുന്ന ഉയർന്ന നിരക്കാണ് വിമർശനത്തിന് കാരണമാകുന്നതെന്നാണ് ചിലരുടെ അഭിപ്രായം.
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ താരമായിരുന്നു കിരൺ റാത്തോഡ്. വിക്രം നായകനായ ‘ജെമിനി’യിലൂടെയാണ് ശ്രദ്ധ നേടിയത്. തുടർന്ന് കമൽഹാസനൊപ്പം ‘അൻപേ ശിവം’ ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ മോഹൻലാലിനൊപ്പവും താരം വേഷമിട്ടിട്ടുണ്ട്.

