തൃശ്ശൂർ: ഇരിങ്ങാലക്കുടയിൽ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളാങ്ങല്ലൂര്‍ കരുമാത്ര നൗഫലിന്റെ ഭാര്യ ഫസീലയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. കാരുമാത്ര സ്വദേശിനി ഫസീലയെ (23) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് നൗഫലിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. ഭർതൃപീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് വിവരം. ഇന്നലെ ഭർതൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ഫസീല താന്‍നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി മാതാവിന് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.
”ഉമ്മാ, ഞാന്‍ രണ്ടാമത് ഗര്‍ഭിണിയാണ്. നൗഫല്‍ വയറ്റിൽ ചവിട്ടി, ഉപദ്രവിച്ചു. വേദനിച്ചപ്പോള്‍ ഞാന്‍ നൗഫലിന്റെ കഴുത്തിന് പിടിച്ചു. ഇവിടത്തെ ഉമ്മയും എന്നെ പീഡിപ്പിച്ചു. തെറിവിളിച്ചു. ഉമ്മാ, ഞാന്‍ മരിക്കുകയാണ്. അല്ലെങ്കില്‍ എന്നെ ഇവര്‍ കൊല്ലും. എന്റെ കൈ നൗഫല്‍ പൊട്ടിച്ചു. പക്ഷേ, എന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്”, എന്നായിരുന്നു ഫസീലയുടെ സന്ദേശം. ഇതിനുശേഷമാണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ വാട്‌സാപ്പ് ചാറ്റുകളടക്കം ബന്ധുക്കള്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒന്നര വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാർഡ് ബോർഡ് കമ്പനിയിലെ ജീവനക്കാരനാണ് നൗഫൽ. ദമ്പതികൾക്ക് ഒരു കുഞ്ഞുണ്ട്
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

