തിരുവനന്തപുരം : മണ്ണന്തലയിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മൂന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ള വിദ്യാർഥികളാണ് പിടിയിലായത്.
നേരത്തെ പെൺകുട്ടിയുമായി പരിചയമുണ്ടായിരുന്ന വിദ്യാർഥികൾ സ്കൂളിൽ പോകാതെ കുട്ടിയെയും കൂട്ടി പുറത്തേക്ക് പോയെന്നും അവിടെവച്ച് ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പരാതി. പെൺകുട്ടിയും കസ്റ്റഡിയിലെടുത്ത വിദ്യാർഥികളും വ്യത്യസ്ത സ്കൂളുകളിലാണ് പഠിക്കുന്നത്.
സ്കൂളിൽ നടന്ന കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി സംഭവത്തെക്കുറിച്ച് അധ്യാപകരോട് പറഞ്ഞത്. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പൊലീസ് മൂന്ന് വിദ്യാർഥികളെയും കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലുള്ളവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് മണ്ണന്തല പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

